കാനഡയിൽ ഇന്ത്യൻ അധികൃതർക്ക് എതിരായി നടക്കുന്ന അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വയം നാണംകെട്ട് ബ്രിട്ടൻ. കാനഡയുടെ നിയമനടപടിയിൽ ഇന്ത്യാ ഗവൺമെന്റ് സഹകരിക്കുന്നത് ശരിയായ നടപടിയായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് മണിക്കൂറുകൾ തികയുന്നതിന് മുൻപാണ് ഇന്ത്യക്കെതിരെ തെളിവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിലപാട് തിരുത്തിയത്.
------------------------------
ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ച് നടത്തിയ പ്രസ്താവനകൾ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്ക് എത്തിച്ച ശേഷമാണ് ഈ തിരുത്തൽ. എന്നാൽ കാനഡയുടെ പക്ഷം പിടിച്ച് ഇതോടൊപ്പം നാണംകെട്ടത് ബ്രിട്ടനും, യുഎസുമാണ്. കാനഡയുടെ ആരോപണം ഗുരുതരമാണെന്നായിരുന്നു യുഎസിന്റെ നിലപാട്. കാനഡയുടെ ജുഡീഷ്യൽ സംവിധാനത്തിൽ സമ്പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് പ്രസ്താവന പോലും നടത്തി. 2023 ജൂണിൽ കനേഡിയൻ മണ്ണിൽ വെച്ച് ഖലിസ്ഥാൻ വിഘടവനാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ കൊല്ലപ്പെട്ട കേസിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പെടെ ഏജന്റുമാർക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നായിരുന്നു കാനഡയുടെ വാദം. കൂടാതെ കാനഡയിലുള്ള ഇന്ത്യൻ വിഘടനവാദികൾക്കെതിരെ ഡൽഹി നീക്കങ്ങൾ നടത്തുന്നതായും ആരോപിച്ചിരുന്നു. ഇതിനെല്ലാം തെളിവുണ്ടെന്ന് പറഞ്ഞ ശേഷമാണ് 'തെളിവില്ലെന്ന്' ട്രൂഡോയ്ക്ക് തിരുത്തേണ്ടി വന്നത്.
ട്രൂഡോയുടെ നിരുത്തരവാദപരമായ നിലപാടിന് ഇപ്പോൾ മറുപടി പറയേണ്ട ഗതികേടിലാണ് ബ്രിട്ടനും, യുഎസും. വിഷയത്തിൽ യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമറും, ട്രൂഡോയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. യുഎസ്, യുകെ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പിന്തുണ നേടാൻ കാനഡയുടെ വിദേശകാര്യ മന്ത്രി ശ്രമം നടത്തിയിരുന്നു. ഇത്രയും കുഴപ്പങ്ങൾ സൃഷ്ടിച്ച ശേഷമാണ് ഇന്ത്യക്കെതിരായോ, നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർ ഉൾപ്പെട്ടതായോ കൃത്യമായ തെളിവില്ലെന്ന് ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യക്ക് തെളിവുകൾ കൈമാറിയിട്ടും നടപടിയില്ലെന്ന വാദവും വ്യാജമാണെന്ന് പാർലമെന്ററി കമ്മീഷൻ മുൻപാകെ ട്രൂഡോ മൊഴി നൽകി.
© Copyright 2024. All Rights Reserved