ഇന്ത്യയും സൗദിയും അടക്കം 33 രാജ്യങ്ങളിലെ പൗരൻമാർക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാൻ. രാജ്യത്തിന്റെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത് എന്ന് ഇറാനിയൻ അധികൃതർ അറിയിച്ചു. സാംസ്‌കാരിക പൈതൃക, ടൂറിസം, കരകൗശല മന്ത്രാലയം നിശ്ചയിച്ച മുൻഗണനകൾക്കനുസൃതമായാണ് വിസരഹിത പ്രവേശനം ആരംഭിക്കുന്നത്.
ലോകമെമ്പാടുമുള്ള സന്ദർശകരെ സ്വാഗതം ചെയ്യാനും അവർക്ക് സൗകര്യപ്രദവും ആസ്വാദ്യകരവുമായ അനുഭവത്തിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനും ഇറാന്റെ സന്നദ്ധത പ്രകടമാക്കിക്കൊണ്ട് ആഗോള സമൂഹത്തിനുള്ള സന്ദേശമാണ് തീരുമാനമെന്ന് സാംസ്‌കാരിക പൈതൃക, ടൂറിസം, കരകൗശല മന്ത്രി ഇസത്തൊള്ള സർഗാമി പറഞ്ഞു. 'ഇറാനോഫോബിയ' എന്ന പ്രതിഭാസത്തെ ചെറുക്കുന്നതിനൊപ്പം കിംവദന്തികളെ പ്രതിരോധിക്കുക എന്നതാണ് ഈ നടപടിയിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ഇന്ത്യ, റഷ്യ, ലെബനൻ, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ടുണീഷ്യ, മൗറിറ്റാനിയ, ടാൻസാനിയ, സിംബാബ്വെ, മൗറീഷ്യസ്, സീഷെൽസ്, ഇന്തോനേഷ്യ, ബ്രൂണെ, ജപ്പാൻ, സിംഗപ്പൂർ, കംബോഡിയ, മലേഷ്യ, വിയറ്റ്‌നാം, ബ്രസീൽ, പെറു, ക്യൂബ, മെക്‌സിക്കോ, വെനസ്വേല, ബോസ്‌നിയ- ഹെർസഗോവിന, സെർബിയ, ക്രൊയേഷ്യ, ബെലാറസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്.തന്റെ മന്ത്രാലയം 60 രാജ്യങ്ങൾക്ക് സൗജന്യ വിസ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഇസത്തൊള്ള സർഗാമി അറിയിച്ചു. എന്നാൽ അതിൽ 33 രാജ്യങ്ങൾക്കുള്ള നടപടി സർക്കാർ അംഗീകരിച്ചു. വിസ ലഭിക്കാതെ തന്നെ ഇറാൻ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെയോ പ്രദേശങ്ങളുടെയോ എണ്ണം 45 ആയി ഉയർത്തും എന്നും മന്ത്രി പറഞ്ഞു. എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ശേഷം ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വിപുലപ്പെടുന്നതിന്റെ മറ്റൊരു ചുവടുവെപ്പാണ് ഈ നീക്കം. 2016 ൽ വിച്ഛേദിക്കപ്പെട്ട നയതന്ത്രബന്ധം പൂർണമായി പുനഃസ്ഥാപിക്കാൻ മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിലുള്ള കരാർ പ്രകാരം ഇറാനും സൗദി അറേബ്യയും സമ്മതിച്ചിരുന്നു. യൂറോപ്യൻ യൂണിയന്റെയും നാറ്റോയിലെയും ചെറിയ അംഗമായ ക്രൊയേഷ്യ മാത്രമാണ് യൂറോപ്യൻ രാഷ്ട്രം എന്ന നിലയിൽ പട്ടികയിൽ ഉണ്ടായിരുന്നത്. റഷ്യക്കാർ ഗ്രൂപ്പുകളായി രാജ്യം സന്ദർശിക്കുകയാണെങ്കിൽ മാത്രമേ ഈ വിസ ഒഴിവാക്കലിൽ നിന്ന് ലാഭം ലഭിക്കൂ എന്നാണ് വിവരം.ഈ പ്രഖ്യാപനത്തിന് മുമ്പ് ഒമാനി പൗരന്മാർക്ക് ഇറാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നു. അതിനിടെ ഇറാനിൽ നിന്നുള്ള ഉംറ യാത്രയ്ക്കും അനുമതി ലഭിച്ചു. ഡിസംബർ 19 മുതൽ ഇറാനിയൻ പൗരൻമാർക്ക് സൗദി അറേബ്യയിൽ ഉംറ ചെയ്യാമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എട്ട് വർഷത്തിന് ശേഷമാണ് ഇറാനിൽ നിന്ന് ഉംറയ്ക്ക് അനുമതി ലഭിക്കുന്നത്.
© Copyright 2024. All Rights Reserved