തിരുവനന്തപുരത്ത് മനഃശാസ്ത്രജ്ഞയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ഹാക്കറുടെ വിവരങ്ങളാണ് മെറ്റ സൈബർ പൊലീസിന് കൈമാറിയത്. വിവരങ്ങൾ ലഭ്യമാക്കണമെന്ന സൈബർ പൊലീസിൻ്റെ ആവശ്യം അംഗീകരിച്ച് മെറ്റ വിവരങ്ങൾ നൽകുകയായിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇന്ത്യയിൽ ആദ്യമായാണു ഫേസ്ബുക്ക് അവരുടെ ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങൾ കോടതി നിർദേശത്തെ തുടർന്നു കൈമാറുന്നത്.
ഉപഭോക്താവിൻ്റെ രേഖകൾ കൈമാറാൻ വിസമ്മതിച്ച ഫേസ്ബുക്കിനെതിരെ കർശന നടപടിയെടുക്കാൻ കോടതി തീരുമാനിച്ചതിനു പിന്നാലെയാണ് മെറ്റ പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയത്. കേസ് അന്വേഷിക്കുന്ന സെെബർ പൊലീസിന് വിവരങ്ങൾ കെെമാറാൻ ഫേസ്ബുക്ക് തീരുമാനിക്കുകയായിരുന്നു. കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചവരുടെ വിവരങ്ങളാണ് മെറ്റ കെെമാറാമെന്ന് അറിയിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഐപി മേൽവിലാസം ഉപയോഗിച്ചാണ് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇവരുടെ വിവരങ്ങൾ. വാട്‌സാപ് നൽകാത്തതിനാൽ കമ്പനിയുടെ ഇന്ത്യൻ മേധാവി നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ ഉപഭോക്താവിൻ്റെ വിവരങ്ങൾ നൽകാൻ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വാട്‌സാപ് ഉടമസ്ഥത വഹിക്കുന്ന മെറ്റ കെെക്കൊണ്ടത്. ഇതിനെതിരെയാണ് കോടതി കർശന നടപടികളുമായി രംഗത്തെത്തിയത്. അതേസമയം മറ്റൊരു കേസിൽ വാട്‌സാപ്പിനെതിരായ കോടതി നടപടികൾ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. വാട്‌സാപ്പിൻ്റെ അഭിഭാഷകൻ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇരു കേസുകളും എൽസ കാതറിൻ ജോർജാണു പരിഗണിച്ചത്. ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ രാജ്യത്തെ നിയമങ്ങൾ അനുസരിക്കണമെന്നാണ് സെെബർ പൊലീസ് ആവശ്യപ്പെടുന്നത്. കോടതി ഉത്തരവിനെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന വാട്‌സാപ്പിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും സൈബർ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
© Copyright 2023. All Rights Reserved