ഇന്ത്യയിൽ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല.
-------------------aud--------------------------------
രോഗം എവിടെ നിന്നാണ് വന്നതെന്നതിൽ വ്യക്തതയില്ല. ഹ്യൂമൻ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആദ്യ കേസ് ആണിത്.ചൈനീസ് വേരിയന്റ് ആണോ എന്നതിൽ സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കർണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നത് പരിശോധിക്കുന്നതായി കർണാടക അറിയിച്ചു. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. 2019 ലാണ് ലോകത്ത് ആദ്യമായി എച്ച്എംപിവി രോഗബാധ ഉണ്ടാകുന്നത്. കുഞ്ഞ് ചികിത്സയിൽ കഴിയുന്നത് ബെംഗളുരുവിൽ പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നാണ്. ഇവിടെ തന്നെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രോട്ടോക്കോൾ പ്രകാരം നടപടികൾ സ്വീകരിച്ചതായി ആശുപത്രിയിൽ നിന്ന് അറിയിച്ചു. ചൈനയിലെ ഹ്യുമൻ മെറ്റാന്യുമോവൈറസ് (HMPV) വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങൾ. ശരീരസ്രവങ്ങളിലൂടെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. മൂക്ക്, വായ, കണ്ണ് എന്നീ അവയവങ്ങളിൽ തൊടുകയും സ്രവങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നത് വൈറസ് വളരെ വേഗത്തിൽ പകരുന്നതിന് കാരണമാകുന്നു.
© Copyright 2024. All Rights Reserved