ഇന്ത്യയും പാകിസ്‌താനും ഭൂതകാലത്തെ കുഴിച്ചുമൂടുകയും നല്ല അയൽക്കാരെപ്പോലെ കഴിയാൻ മുന്നോട്ടുള്ള വഴി നോക്കണമെന്നും മുൻ പാകിസ്‌താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ്റെ (എസ്.സി.ഒ) സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ വിദേശകാര്യമന്ത്രി ഇസ്‌ലാമാബാദിലേക്ക് നടത്തിയ യാത്രയെ 'ഓപ്പണിങ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നവാസ് ശരീഫിന്റെ പ്രസ്‌താവന.
-------------------aud--------------------------------
ഭരണകക്ഷിയായ പാകിസ്‌താൻ മുസ്‌ലിം ലീഗിൻ്റെ പ്രസിഡന്റും മൂന്നു തവണ മുൻ പ്രധാനമന്ത്രിയുമായ അദ്ദേഹം ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ശുഭസൂചനയോടെ സംസാരിച്ചത്. ബന്ധങ്ങളിലെ 'ദീർഘിച്ച വിരാമത്തിൽ' താൻ സന്തുഷ്ടനല്ലെന്നും ഇരുപക്ഷവും പോസിറ്റീവ് ആയ സമീപനത്തിലൂടെ മുന്നോട്ട് നോക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പാകിസ്‌താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ മൂത്ത സഹോദരനാണ് നവാസ് ഷെരീഫ്. എസ്.സി.ഒ കോൺക്ലേവിൽ പങ്കെടുക്കാൻ ജയശങ്കർ ചൊവ്വാഴ്‌ച ഇസ്‌ലാമാബാദിലേക്ക് തിരിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പാകിസ്താൻ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയാണ് ജയശങ്കർ. 'ഇങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ട് പോകേണ്ടത്. പ്രധാനമന്ത്രി മോദി വരുന്നത് ഞങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രി വന്നതും നല്ലതു തന്നെ. നമ്മുടെ സംഭാഷണത്തിൻ്റെ തുടർച്ചകൾ ഉണ്ടാവണമെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. നമ്മൾ 70 വർഷം പോരാട്ടത്തിൻ്റെ വഴിയിൽ ചെലവഴിച്ചു. അടുത്ത 70 വർഷത്തേക്ക് ഇത് തുടരാൻ അനുവദിക്കരുത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ഇരുപക്ഷവും ഇരുന്ന് ചർച്ച ചെയ്യണം- അദ്ദേഹം പറഞ്ഞു. നമുക്ക് നമ്മുടെ അയൽക്കാരെ മാറ്റാൻ കഴിയില്ല. അതുകൊണ്ട് നല്ല അയൽക്കാരെ പോലെ കഴിയണം. നമ്മൾ ഭൂതകാലത്തിലേക്ക് പോകരുത്. ഭൂതകാലത്തെ കുഴിച്ചുമൂടുന്നത് നല്ലതാണ്. അതുവഴി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സാധ്യതകൾ ഉപയോഗിക്കാൻ കഴിയും -ഷരീഫ് പറഞ്ഞു. 2015 ഡിസംബർ 25 ന് കാബൂളിൽ നിന്ന് മടങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാഹോറിൽ അപ്രതീക്ഷിതമായി നിർത്തിയതും ഷെരീഫ് അനുസ്‌മരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിമർശിച്ച ഷെരീഫ് മോദിക്കെതിരെ ഖാൻ നടത്തിയ ചില പരാമർശങ്ങളെ കുറ്റപ്പെടുത്തി.ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കണമെന്നും അയൽരാജ്യത്ത് നടക്കുന്ന ഏതെങ്കിലും പ്രധാന ടൂർണമെൻ്റിൻ്റെ ഫൈനലിൽ ഇരു ടീമുകളും കളിക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നുവെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു. പരസ്പരം രാജ്യങ്ങളിലേക്ക് ടീമുകളെ അയയ്ക്കാത്തതുകൊണ്ട് നമുക്കെന്ത് നേട്ടമാണ്? അവർ ലോകമെമ്പാടും കളിക്കുന്നു. എന്നാൽ, നമ്മുടെ രണ്ട് രാജ്യങ്ങളിൽ അനുവദനീയമല്ല അദ്ദേഹം പറഞ്ഞു. ഇരുവിഭാഗങ്ങൾക്കുമിടയിൽ വ്യാപാരബന്ധം പുലർത്തേണ്ടതിന്റെ പ്രാധാന്യവും ഷെരീഫ് അടിവരയിട്ടു പറഞ്ഞു. 'ഒരുപക്ഷേ എൻ്റെ ചിന്ത മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായിരിക്കാം. പക്ഷേ ഞങ്ങൾ പരസ്പരം സാധ്യതയുള്ള വിപണിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ, പാകിസ്‌താനി കർഷകരും നിർമാതാക്കളും അവരുടെ ഉൽപന്നങ്ങൾ വിൽക്കാൻ എന്തിന് പുറത്ത് പോകണം. ചരക്കുകൾ ഇപ്പോൾ അമൃത്സറിൽനിന്ന് ദുബായ് വഴി ലാഹോറിലേക്ക് പോകുന്നു. ആർക്കാണ് ഇതിൻ്റെ പ്രയോജനം? രണ്ട് മണിക്കൂർ എടുക്കുന്നതിന് രണ്ടാഴ്ച്‌ച എടുക്കുന്നു -അദ്ദേഹം പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരിയിൽ പാകിസ്‌താനിലെ ബാലാക്കോട്ടിലെ ജയ്‌ശെ മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പ് ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ തകർത്തതിനെ തുടർന്ന് ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള ബന്ധം വഷളായി. 2019 ആഗസ്റ്റ് 5ന് ജമ്മു കശ്‌മീരിന്റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യുന്നതായി ഇന്ത്യ പ്രഖ്യാപിച്ചതിന് ശേഷം ബന്ധം കൂടുതൽ വഷളായി. 2019ലെ പുൽവാമ ആക്രമണത്തിനുശേഷം പാകിസ്‌താനിൽ നിന്നുള്ള ഇറക്കുമതിക്ക് ന്യൂഡൽഹി കനത്ത തിരുവ ചുമത്തിയതിനാൽ 2019 മുതൽ ഇസ്‌ലാമാബാദും ന്യൂഡൽഹിയും തമ്മിലുള്ള വ്യാപാരബന്ധം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
© Copyright 2024. All Rights Reserved