ഇന്ത്യയും ബ്രിട്ടനുമായുള്ള വ്യാപാര കരാർ ഒപ്പു വയ്ക്കാൻ ഇരിക്കെ, ഇരു രാജ്യങ്ങളുക്കും ഇടയിലുള്ള വ്യാപാര ഇടപാടുകൾ ഇരട്ടിയോളമായി വർദ്ധിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഉടൻ സാധ്യമാകുമെന്നാണ് ഈ രംഗത്തുള്ളവർ കരുതുന്നത്. എച്ച് എസ് ബി സി ഹോൾഡിംഗ്‌സ് പി എൽ സി പുറത്തു വിട്ടതാണ് ഈ കണക്കുകൾ. ഒക്ടോബർ വരെയുള്ള ഒൻപത് മാസ കാലയളവിൽ എച്ച് എസ് ബി സി യുടെ യു കെ യൂണിറ്റിന്, കഴിഞ്ഞ വർഷത്തേക്കാൾ 36 ശതമാനം കൂടുതൽ ബിസിനസ് ക്ലൈന്റ് റെഫറലുകളാണ് അവരുടെ ഇന്ത്യൻ യൂണിറ്റിൽ നിന്നും ലഭിച്ചിരിക്കുന്നത്.
-------------------aud--------------------------------
ഇതിൽ, ബ്രിട്ടനിൽ വ്യവസായം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരും,. സബ്‌സിഡിയറികൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരും, ചില ബ്രിട്ടീഷ് കമ്പനികൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരും ഒക്കെ ഉൾപ്പെടും. യു കെയിലെ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ നിന്നും ലഭിച്ച വരുമാനത്തിൽ 121 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്കൊഴുകിയ പണത്തിൽ 32 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.
വരുന്ന ജനുവരിയിൽ, സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും തുടങ്ങാനിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. 2022 ദീപാവലിക്ക് കരാർ സാധ്യമാകുമെന്ന കണക്കുകൂട്ടലിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആയിരുന്നു കരാർ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. പിന്നീട് ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളിലേയും പൊതു തെരഞ്ഞെടുപ്പുകളും കാരണം ഇത് നീണ്ടുപോവുകയായിരുന്നു.
കൺസർവേറ്റീവ് പാർട്ടിയെ തോൽപ്പിച്ച് അധികാരത്തിലേറിയ ലേബർ സർക്കാരിനും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ സാധ്യമാക്കാൻ താത്പര്യമുണ്ട്. കരാർ ഇല്ലാതിരുന്നിട്ടുകൂടി വ്യാപാര ഇടപാടുകൾ വർദ്ധിച്ചത് ബ്രിട്ടീഷ് സർക്കാരിന് ഇക്കാര്യത്തിലുള്ള താത്പര്യം വർദ്ധിപ്പിക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
© Copyright 2024. All Rights Reserved