ഫ്രാന്‍സിലെ പാരീസില്‍ നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. 'ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം' എന്ന വിഷയത്തിലൂന്നിയായിരുന്നു ഇരുവരുടെയും ചര്‍ച്ച
.
-------------------aud--------------------------------
നിര്‍മിത ബുദ്ധിക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന അതിശയകരമായ അവസരങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ ചൂണ്ടിക്കാട്ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഇന്ത്യയില്‍ എന്തു മാറ്റം കൊണ്ടുവരാനാകുമെന്നും അതിനായി ഗൂഗിളിനും ഇന്ത്യയ്ക്കും എങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നുമുള്ള കാഴ്ച്ചപ്പാടുകള്‍ സുന്ദര്‍ പിച്ചൈയും പ്രധാനമന്ത്രിയും പങ്കുവെച്ചു.
മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ഒരു ചിത്രവും സുന്ദര്‍ പിച്ചൈ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. 'പാരീസില്‍ നടക്കുന്ന എ.ഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ കഴിഞ്ഞത് ഏറെ ആഹ്‌ളാദകരമായ അനുഭവമായിരുന്നു. നിര്‍മിത ബുദ്ധിക്ക് ഇന്ത്യയിലേക്കു കൊണ്ടു വരാന്‍ കഴിയുന്ന അവിശ്വസനീയമായ അവസരങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഗൂഗിളുമായി എങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും ഞങ്ങള്‍ പരസ്പരം സംസാരിച്ചു' - ഇതായിരുന്നു സുന്ദര്‍ പിച്ചൈ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. രാഷ്ട്രത്തലവന്മാരും ആഗോള ടെക് സി.ഇ.ഒമാരും നയരൂപീകരണ വിദഗ്ധരും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം പങ്കെടുത്ത പ്രധാനമന്ത്രി മോദി ചടങ്ങില്‍ അധ്യക്ഷ സ്ഥാനം പങ്കിടുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണെന്നും നിര്‍മിത ബുദ്ധി ലോകത്ത് സുവര്‍ണകാലഘട്ടം തീര്‍ക്കുമെന്നും ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ കഴിഞ്ഞ ദിവസം ഉച്ചകോടിയില്‍ പ്രസംഗിക്കുന്നതിനിടെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിര്‍മിത ബുദ്ധിയെ വിവേചനപൂര്‍വം വിനിയോഗിക്കാത്തതാണ് ഏറ്റവും വലിയ അപകടമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മിത ബുദ്ധിയെക്കുറിച്ചുള്ള ഗവേഷണത്തിനും വികസനത്തിനുമായി ഗൂഗിള്‍ 75 ബില്യണ്‍ ഡോളര്‍ മുടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിര്‍മിത ബുദ്ധിയുടെ ഉപയോഗത്തിന് ആഗോള തലത്തില്‍ കൃത്യമായ ചട്ടക്കൂടുകള്‍ രൂപീകരിക്കണമെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കൂട്ടായ ശ്രമങ്ങള്‍ക്ക് മാത്രമേ അപകടസാധ്യതകള്‍ പരിഹരിക്കാനാകൂ. നിര്‍മിത ബുദ്ധിയുടെ ഏറ്റവും വലിയ പ്രത്യാഘാതം തൊഴില്‍ നഷ്ടമാണ്. എന്നാല്‍ സാങ്കേതികവിദ്യ കാരണം ജോലി സാധ്യതകള്‍ ഇല്ലാതാകുന്നില്ല. അത് ചരിത്രം തെളിയിച്ചിട്ടുണ്ട്. തൊഴിലിന്റെ സ്വഭാവം മാത്രമാണ് മാറുന്നത്. നിര്‍മിത ബുദ്ധിയെ ഭാവിയില്‍ പ്രയോജനപ്പെടുത്തും വിധം നമ്മുടെ യുവതലമുറയെ വൈദഗ്ധ്യമുള്ളവരാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
© Copyright 2024. All Rights Reserved