110 ദിവസം നീളുന്ന യാത്രയ്ക്കാണ് ആദിത്യ എൽ1 ഭ്രമണപഥം കടക്കുന്നത്. പേടകം ലഗ്രാഞ്ച് 1 ൽ സ്ഥാനമുറപ്പിച്ചുകൊണ്ടായിരിക്കും സൂര്യ പര്യവേക്ഷണം നടത്തുക.
ഇന്ത്യയുടെ സൂര്യദൗത്യമായ ആദിത്യ എൽ1 ഇന്നു പുലർച്ചെ രണ്ടിനു ഭൂമിയുടെ ഭ്രമണപഥം വിട്ട് ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിക്കും.
110 ദിവസം നീളുന്ന യാത്രയ്ക്കാണ് ആദിത്യ എൽ1 ഭ്രമണപഥം കടക്കുന്നത്. പേടകം ലഗ്രാഞ്ച് 1 ൽ സ്ഥാനമുറപ്പിച്ചുകൊണ്ടായിരിക്കും സൂര്യ പര്യവേക്ഷണം നടത്തുക.
സൂര്യനെ പഠിക്കാൻ ഏറ്റവും അനുയോജ്യമായ പോയിന്റാണു ലഗ്രാഞ്ച് ഒന്ന്. ആദിത്യഎൽ 1 ഈ പോയിന്റിൽ എത്തിക്കഴിഞ്ഞാൽ ഒരു ഹാലോ ഭ്രമണപഥത്തിൽ പ്രവേശിക്കുകയും ദൗത്യം തുടരുകയും ചെയ്യും.
ലഗ്രാഞ്ച് പോയിന്റ് 1 ലേക്കുള്ള യാത്ര തുടങ്ങുന്നതിനു മുന്പുതന്നെ ആദിത്യ എൽ 1 പര്യവേക്ഷണം ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ഭൂമിക്കു ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ എക്സിൽ കുറിച്ചു.
ഭൂമിയിൽനിന്നു 50,000 കിലോമീറ്റർ അകലെയായുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാർജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് ആദിത്യ എൽ 1 ശേഖരിക്കുന്നത്. പേടകം ശേഖരിക്കുന്ന വിവരങ്ങൾ സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉത്ഭവം, ത്വരണം, അനിസോട്രോപി എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകുമെന്നാണ് ഐഎസ്ആർഒ കരുതുന്നത്.
© Copyright 2023. All Rights Reserved