ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്തുവാനും ഇരു രാജ്യങ്ങൾക്കും ഇടയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിച്ച് സാമ്പത്തിക വളർച്ച കൈവരിക്കാനും ഉള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു ഇന്നലെ ഇന്ത്യൻ ബിസിനസ്സ് തലവന്മാർക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ, തന്റെ ഔദ്യോഗിക വസതിയിൽ നൽകിയ വിരുന്ന്. നേരത്തെ ജി 20 ഉച്ചകോടിയിൽ വെച്ച് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ വിപുലപ്പെടുത്താൻ ഇരുവരും അന്ന് സമ്മതിച്ചിരുന്നു. സാമ്പത്തികം, ദേശസുരക്ഷ, പ്രതിരോധം, സാങ്കേതിക വിദ്യ, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം സഹകരിച്ചു പ്രവർത്തിക്കാനായിരുന്നു അന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചത്.
-------------------aud--------------------------------
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി ഐ ഐ) യുടെ പിന്തുണയോടെ ഇന്ത്യൻ വ്യവസായ പ്രതിനിധികൾ ബ്രിട്ടൻ സന്ദർശിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ശക്തിപ്പെടുന്ന ഉഭയകക്ഷി ബന്ധത്തെ കുറിച്ച് സംഘം ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്‌സ്, വിദേശ സെക്രട്ടറി ഡേവിഡ് ലാമി, സെക്രട്ടാറി ഓഫ് സ്റ്റേറ്റ് ജോനാഥൻ റെയ്‌നോൾഡ്‌സ്, മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഡഗ്ലസ് അലക്സാണ്ടർ എന്നിവരുമായി ചർച്ചകൾ നടത്തി.
അതിനുപുറമെം ചർച്ചകൾ പുരോഗമിക്കുന്ന ഇന്തോ- ബ്രിട്ടീഷ് സ്വതന്ത്ര കരാറുമായി ബന്ധപ്പെട്ട അവസരങ്ങളെ കുറിച്ചും സംഘം ചർച്ചകൾ നടത്തുകയുണ്ടായി. നിലവിൽ 42 ബില്യൻ പൗണ്ടിന്റെ വ്യാപാര ഇടപാടുകളാണ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ളത്. 6 ലക്ഷത്തിലധികം തൊഴിൽ സാധ്യതകളാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലെ വ്യാപാരബന്ധം കൂടുതൽ വിപുലപ്പെറ്റുത്തുന്നതാണ് ഇപ്പോൾ പരിഗണനയിലുള്ള സ്വതന്ത്ര വ്യാപാര കരാർ. ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പങ്കാളിയാണ് ഇന്ത്യ എന്നും, ഇരു രാജ്യങ്ങൾക്കും ഇടയിൽ സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള കൂടുതൽ അവസരങ്ങൾ തേടുകയാണെന്നും വിരുന്നിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ പറഞ്ഞു. ബ്രിട്ടനിൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ ഇപ്പോൾ തന്നെ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. ഇത് കൂടുതൽ വർദ്ധിപ്പിക്കാൻ തന്റെ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് തന്റെ സർക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ സ്റ്റാർമർ അതിൽ ഇന്ത്യൻ വ്യവസായികൾ താത്പര്യം കാണിക്കുന്നതിൽ സന്തോഷമുണ്ടെന്നും അറിയിച്ചു. ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിലകൊള്ളുന്ന ഈ സാഹചര്യത്തിൽ, ഏറ്റവും സുപ്രധാനമായ സമയത്താണ് ഈ സങ്ക്ദർശനം എന്ന് സംഘത്തലവനായ, മുൻ സി ഐ ഐ പ്രസിഡണ്ടും ഭാരതി എന്റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിട്ടൽ പറഞ്ഞു. 2027 ഓടെ ഇന്ത്യ ഒരു 5 ട്രില്യൻ ഡോളർ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലത്തിനിടയിൽ ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഢമായെന്നും അത് ഇനിയും ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved