നോട്ടിംഗ്ഹാമിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ 19 വയസുള്ള മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. തെരുവിലൂടെ സംസാരിച്ച് നടക്കുകയായിരുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് നേരെയാണ് അക്രമി കത്തിയെടുത്തത്. ഗ്രേസ് ഒ'മാലി കുമാർ, ബാർണാബി വെബ്ബർ എന്നിവരാണ് വീട്ടിലേക്ക് സംസാരിച്ച് നടക്കവെ കൊല്ലപ്പെട്ടത്.
32-കാരനായ വാൾഡോ കാളോകെയിൻ കത്തിയുമായി തെരുവിലിറങ്ങിയതോടെയാണ് നിരപരാധികളായ വിദ്യാർത്ഥികൾക്ക് പുറമെ 65-കാരനായ ഇയാൻ കോട്‌സിനും ജീവൻ നഷ്ടമായത്. ട്രിപ്പിൾ കൊലപാതകം നടത്തിയ പ്രതി നരഹത്യാ കുറ്റം സമ്മതിച്ചിട്ടുണ്ട്. കടുത്ത മാനസിക ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കാളോകെയിന് പാരാനോയ്ഡ് ഷീസോഫ്രെനിയ ഉൾപ്പെടെ അനുഭവിക്കുന്നുണ്ട്. കുറ്റങ്ങൾ സമ്മതിച്ചതോടെ കൊലയാളിക്ക് എതിരായ കൊലപാതക വിചാരണ മുന്നോട്ട് പോകില്ല. കൂടാതെ ഇയാളുടെ ക്രൂരതയ്ക്കുള്ള ശിക്ഷയാകും ഇനി കോടതി വിധിക്കുക. കോടതിയിൽ ജൂൺ 13ന് നടന്ന കൊലപാതകങ്ങളുടെ വിവരങ്ങൾ വിശദീകരിച്ചപ്പോൾ മൂന്ന് ഇരകളുടെയും കുടുംബങ്ങൾ കണ്ണീരണിഞ്ഞു.
രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗ്രേസും, ബാർണാബേയും. നടപ്പാതയിലൂടെ വീട്ടിലേക്ക് പോകുന്ന കൗമാരക്കാരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കാളോകെയിൻ തങ്ങൾക്ക് നേരെ ചാടിവീഴുമെന്ന് തിരിച്ചറിയാതെയായിരുന്നു ഇവരുടെ യാത്ര.
ഒരു ഇരയെ ലഭിക്കാനായി കാത്തുകിടന്ന പ്രതി കൗമാരക്കാർ അടുത്തെത്തിയതോടെ വടിവാളുമായി ചാടിവീഴുകയായിരുന്നു. ബർണാബേയെ കുത്തുന്നത് കണ്ട് സുഹൃത്ത് ഗ്രേസ് തടയാനെത്തിയതോടെയാണ് ഈ പെൺകുട്ടിയും കൊല്ലപ്പെട്ടത്.
© Copyright 2024. All Rights Reserved