ഏകദിന ലോകകപ്പിൽ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ തകർത്തത്. വിരാട് കോഹ്ലിയും കെ എൽ രാഹുലും ചേർന്ന കൂട്ടുകെട്ടായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അതേ സമയം പനി ബാധിച്ച ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല. ഗില്ലിന് പകരമെത്തിയ ഇഷാൻ കിഷനാവട്ടെ പൂജ്യത്തിൽ പുറത്തായി നിരാശപ്പെടുത്തുകയും ചെയ്തു. ഓസ്ട്രേലിയക്കെതിരായ മത്സരം നഷ്ടമായ ഗിൽ അടുത്ത കളിയിൽ തിരിച്ചെത്തിയേക്കുമെന്നായിരുന്നു നേരത്തെ സൂചനകൾ. എന്നാൽ ഇപ്പോളിതാ ഗില്ലിന് രണ്ടാം മത്സരവും നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുന്നു.
ഈ മാസം 11 ന് അഫ്ഗാനിസ്താനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാമത് മത്സരം. ഡെൽഹിയാണ് വേദി. ഈ കളിയിൽ നിന്ന് ശുഭ്മാൻ ഗിൽ പുറത്തായ വിവരം ഇന്ന് ബിസിസിഐ തന്നെയാണ് പുറത്തുവിട്ടത്. വൈദ്യ സംഘത്തിന്റെ നിർദ്ദേശപ്രകാരം നിലവിൽ ഗിൽ ചെന്നൈയിൽ തുടരുകയാണെന്നും ബിസിസിഐ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കടുത്തായി പനിയുടെ പിടിയിലാണ് ശുഭ്മാൻ ഗിൽ. ആദ്യ കളിയിൽ ഗിൽ കളിച്ചേക്കുമെന്ന തരത്തിൽ രോഹിത് ശർമ മത്സരത്തലേന്ന് ചില സൂചനകൾ നൽകിയിരുന്നെങ്കിലും ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തിനെ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ കളിയിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു. അഫ്ഗാനിസ്താനെതിരെയും ഗിൽ കളിക്കില്ലെന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. സമീപകാലത്ത് ഉജ്ജ്വല ഫോമിലുള്ള ഗിൽ 2023 ൽ ടീം ഇന്ത്യയുടെ ടോപ് സ്കോറർ കൂടിയാണ്. 1230 റൺസാണ് ഈ വർഷം ഗിൽ നേടിയത്. ഏറ്റവും അവസാനം കളിക്കാനിറങ്ങിയ നാല് ഏകദിന മത്സരങ്ങളിൽ ഒരു അർധസെഞ്ചുറിയും, രണ്ട് സെഞ്ചുറികളും ഗില്ലിന്റെ വില്ലോയിൽ നിന്ന് പിറന്നിരുന്നു. ഈ മാസം 14ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാമത് മത്സരം. ഈ കളിയെത്തുമ്പോളെക്ക് ഗിൽ പനിയിൽ നിന്ന് പൂർണമായും മോചിതനാകുമെന്ന വിശ്വാസത്തിലാണ് ആരാധകർ.
© Copyright 2023. All Rights Reserved