‘ഇന്ത്യ’ എന്ന ദേശീയ പ്രതിപക്ഷ സഖ്യത്തെ ദേശീയ മുന്നണിയായി കാണുന്നതിൽ സിപിഎമ്മിനു വിസമ്മതം. ഇന്ത്യ മുന്നണിയല്ല, പ്രത്യേക ‘ബ്ലോക്ക്’ ആണെന്ന നയം സ്വീകരിക്കാനാണു ഡൽഹിയിൽ ചേർന്ന പൊളിറ്റ്ബ്യൂറോ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു നേർക്കുനേർ പോരാടുന്ന സിപിഎം കേരളഘടകത്തിന്റെ ശക്തമായ സമ്മർദം ഈ തീരുമാനത്തിനു പിന്നിലുണ്ടന്നാണ് പറയുന്നത്. പാർട്ടിക്കു വോട്ടും സീറ്റും കിട്ടാൻ സാധ്യതയുള്ള കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വിസ്മരിച്ചുകൊണ്ടുള്ള മുന്നണിനീക്കത്തിലേക്കു പോകുന്നതു പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന അഭിപ്രായമാണു പൊളിറ്റ്ബ്യൂറോ യോഗത്തിൽ കേരള നേതൃത്വം പ്രകടിപ്പിച്ചത്.
ഇതുകൂടി കണക്കിലെടുത്താണ് ‘ഇന്ത്യ’ ഏകോപന സമിതിയിൽ ചേരേണ്ടെന്നും പൊളിറ്റ്ബ്യൂറോ തീരുമാനിച്ചത്. ഇന്ത്യ മുന്നണിക്കു തന്നെ അത്തരം സംഘടനാ സ്വഭാവം ആവശ്യമില്ലെന്ന അഭിപ്രായമാണ് പാർട്ടിക്ക്.
ഇന്ത്യയുടെ പൂർണരൂപമായ ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ആൻഡ് ഇൻക്ലൂസീവ് അലയൻസി’ലെ ‘അലയൻസ്’ അതായത് സഖ്യം എന്ന വാക്കിനോടു സിപിഎമ്മിനു യോജിപ്പില്ല. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയുടെ ഭാഗമാകാൻ പാർട്ടി കോൺഗ്രസിന്റെ അനുമതിയില്ല. അതുകൊണ്ടാണ് ഇത് ‘സഖ്യം’ അല്ലെന്നും ‘ബ്ലോക്ക് ’ആണെന്നുമുള്ള നിലപാടെടുക്കാൻ പാർട്ടി തീരുമാനിച്ചത്.
© Copyright 2023. All Rights Reserved