ഗവർണർമാർ ആവശ്യമില്ല എന്നതാണ് സിപിഎമ്മിന്റെ അഭിപ്രായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇന്ത്യ പോലൊരു ജനാധിപത്യ സമൂഹത്തിൽ എന്തിനാണ് ഇതുപോലൊരു പദവിയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
"ഗവർണർമാർ വേണ്ടതില്ല എന്നതാണ് ഞങ്ങളുടെ പാർട്ടിയുടെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. ഇന്ത്യ പോലൊരു ജനാധിപത്യ സമൂഹത്ത് എന്തിനാണ് ഇതുപോലൊരു പദവി. ആ പദവിയേ വേണ്ട എന്ന അഭിപ്രായമാണ് ഞങ്ങൾക്ക്, പക്ഷേ, ഭരണഘടനാപരമായി ഇന്നിപ്പോൾ, ആ പദവി നിലനിൽക്കുന്നു. അതുകൊണ്ട് ആ പദവിയുമായി സഹകരിച്ചുപോകുകയാണ് ചെയ്യുന്നത്, അതേയുള്ളൂ. സിപിഎമ്മിന്റെ അഭിപ്രായം ഗവർണർമാർ ആവശ്യമില്ല എന്നതാണ്.
തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയുടെമേൽ ഒരു ഗവർണറുടെ ആവശ്യം യഥാർഥത്തിലില്ല. ഇതു ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പഴയകാല ധാരണയിൽ നിന്ന് രൂപപ്പെട്ടുവന്നിട്ടുള്ള ഒന്നാണ്. അതു ചർച്ച ചെയ്തുകൊണ്ടിരിക്കുകയല്ലേ, ലോകവ്യാപകമായും ഇന്ത്യയിലും ചർച്ച നടക്കുന്നു. എങ്ങനെയാണ്, ആരാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണോ, നോമിനേറ്റ് ചെയ്യപ്പെടുന്നവരോണോ.
© Copyright 2024. All Rights Reserved