ഇന്നലെ ഈ വർഷത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ചൂടേറിയ ദിനമായി മാറി. യു കെയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗം ആഞ്ഞടിക്കുന്നതിനിടയിലായിരുന്നു ഇത്. ഹീത്രൂവിലെയും തെക്ക് പടിഞ്ഞാറൻ ലണ്ടനിലെ ക്യൂ ഗാർഡൻസിലെയും മെറ്റ് ഓഫീസിന്റെ മെഷറിംഗ് സ്റ്റേഷനുകളിൽ ഇന്നലെ രസനിരപ്പ് 32 ഡിഗ്രി സെൽഷ്യസിൽ എത്തി. ഇക്കഴിഞ്ഞ ജൂലായ് 19ന് നഗരത്തിൽ രേഖപ്പെടുത്തിയ 31.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില.
-------------------aud--------------------------------
ഉഷ്ണ തരംഗം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ ഔദ്യോഗിക മാനദണ്ഡങ്ങൾ, ലണ്ടൻ, തെക്കൻ ഇംഗ്ലണ്ട്, തെക്ക് കിഴക്കൻ വെയ്ൽസ് എന്നിവിടങ്ങളിൽ ഈയാഴ്ച ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ ചൂടൻ കാലാവസ്ഥയ്ക്ക് അധികം ആയുസ്സുണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഈയാഴ്ച അവസാനത്തോട് അടുക്കുമ്പോഴേക്കും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടിയോടു കൂടിയ മഴയുണ്ടാകും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെയും ഇന്നുമായി, വടക്ക് കിഴക്കൻ, വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട് ഒഴിച്ഛ് ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ ഹീറ്റ് ഹെൽത്ത് അലർട്ട് നിലവിലുണ്ട്., നാല് തലങ്ങളിലായി ഉള്ള അലർട്ടുകളിൽ മൂന്നാമത്തെ തലത്തിൽ ഉള്ളതാണിത്. ഇതിന് മുകളിൽ ആംബർ, റെഡ് അലർട്ടുകൾ ആണ് ഉള്ളത്. മിക്കവരെയും ചൂട് ബാധിക്കാൻ ഇടയില്ലെന്നും എന്നാൽ, വൃദ്ധരേയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെയും ബാധിച്ചേക്കാം എന്നുമാണ് ഇതിന്റെ അർത്ഥം. മാത്രമല്ല, വൃദ്ധർക്കും ആരോഗ്യ പ്രശ്നങ്ങളാൽ വലയുന്നവർക്കുമിടയിൽ മരണ നിരക്ക് വർദ്ധിക്കുകയും ചെയ്തേക്കാം എന്നും യു കെ ആരോഗ്യ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
ഗ്രാമീണ മേഖലകളിൽ ഹെൽത്ത് കെയർ സേവനങ്ങൾക്ക് ആവശ്യകത കൂടിയേക്കാം എന്നും, ആശുപത്രികളുടെയും കെയർ ഹോമുകളുടെയും ഉള്ളിലെ താപനില വർദ്ധിക്കുന്നതിനാൽ ചില ക്ലിനിക്കൽ റിസ്‌ക് അസസ്സ്‌മെന്റുകൾ സാധ്യമായേക്കില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, ജൂലായിൽ ഈ സമയത്ത് അനുഭവപ്പെടാറുള്ള ശരാശരി താപനിലയേക്കാൾ നാലോ അഞ്ചോ ഡിഗ്രി ചൂട് കൂടുതലായി അനുഭവപ്പെടും എന്നാണ് ബി ബി സി വെതർ പറയുന്നത്.
വെയ്ൽസിലും ഇന്നലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു. ന്യൂപോർട്ടിനടുത്തുള്ള അസ്‌കിൽ ഇന്നലെ രേഖപ്പെറ്റുത്തിയത് 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. അതേസമയം സ്‌കോട്ട്‌ലാൻഡിലും നോർത്തേൺ അയർലൻഡിലും കാര്യമായ രീതിയിൽ ചൂട് വർദ്ധിച്ചില്ല. സ്‌കോട്ട്‌ലാൻഡിൽ 23.2 ഡിഗ്രി സെൽഷ്യസും നോർത്തേൺ അയർലൻഡിൽ 23 ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ അനുഭവപ്പെട്ട ചൂട്.
© Copyright 2024. All Rights Reserved