യുകെയിൽ ഇന്ന് മുതൽ വൈദ്യുതി ഗ്യാസ് നിരക്കുകളിൽ 10 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുന്നതോടെ ശൈത്യകാലത്ത് പകുതിയോളം ബ്രിട്ടീഷുകാർ ഊർജ്ജ ഉപയോഗത്തിന് പരിധി നിശ്ചയിക്കുമെന്ന് സർവ്വേ റിപ്പോർട്ട്. ഊർജ്ജനിരക്കിലുണ്ടാകുന്ന വർദ്ധനവ് ഒരു ശരാശരി കുടുംബത്തിന്റെ ബില്ലിൽ 149 പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാക്കുന്ന സാഹചര്യത്തിൽ പ്രായക്കൂടുതലും അനാരോഗ്യവും ഉള്ളവർക്ക് ശൈത്യകാലത്ത് വീടുകൾ ചൂടാക്കി വെയ്ക്കാൻ കൂടുതൽ സഹായങ്ങൾ പ്രഖ്യാപിക്കണമെന്ന് വിവിധ ചാരിറ്റികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
-------------------aud--------------------------------
നാഷണൽ എനർജി ആക്ഷൻ എന്ന ചാരിറ്റിക്ക് വേണ്ടി യു ഗൊ നടത്തിയ സർവ്വേയിൽ പങ്കെടുത്തവരിൽ 46 ശതമാനം പേർ പറഞ്ഞത് സൗകര്യപ്രദമായ ജീവിതം നയിക്കുന്നതിന് ആവശ്യമായതിനേക്കാൾ കുറവ് ഊർജ്ജം മാത്രമെ ഈ ശൈത്യകാലത്ത് ഉപയോഗിക്കൂ എന്നാണ്. താഴ്ന്ന വരുമാനക്കാരിൽ 45 ശതമാനം പേർ പറഞ്ഞത്കഴിഞ്ഞ വർഷം തന്നെ എനർജി ബിൽ നൽകുവാൻ ഏറെ ക്ലേശിച്ചു എന്നാണ്. അതേസമയം, പ്രീപെയ്ഡ് മീറ്ററിൽ ഉണ്ടായിരുന്നവരിൽ മൂന്നിലൊന്ന് പേർ പറഞ്ഞത് ആവശ്യമുള്ള സമയത്ത് വൈദ്യുതിയോ ഹീറ്റിംഗോ ഇല്ലാതെ കഷ്ടപ്പെട്ടു എന്നായിരുന്നു.
പുതിയ നിരക്ക് നിലവിൽ വരുന്നതോടെ പത്ത് ശതമാനം കൂടുതലായി ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ 60 ലക്ഷത്തോളം ബ്രിട്ടീഷ് കുടുംബങ്ങൾ ഊർജ്ജ ദാരിദ്ര്യം അനുഭവിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നിരക്ക് വർദ്ധിക്കുന്നതിനൊപ്പം, വിന്റർ ഫ്യുവൽ പേയ്മെന്റ് നിർത്തലാക്കാനുള്ള ലേബർ സർക്കാരിന്റെ തീരുമാനം ജനങ്ങളെ, പ്രത്യേകിച്ചും പെൻഷൻകാരെ കൂടുതൽ ദുരിതത്തിലാഴ്ത്തും.
സ്റ്റാൻഡേർഡ് വേരിയബിൾ താരിഫിലുള്ള വീടുകൾക്ക് അടുത്ത മാസം 1 മുതൽ 10 ശതമാനത്തോളമാണ് നിരക്ക് വർദ്ധിക്കുന്നത്. രാജ്യത്തെ 85% വീടുകളും ഈ താരിഫിലാണ്. എനർജി റെഗുലേറ്ററായ ഓഫ്‌ജെം പ്രൈസ് ക്യാപ്പിൽ വരുത്തിയ മാറ്റമാണ് ഒക്ടോബറിൽ പ്രതിഫലിക്കുന്നത്.
ഇതിനിടയിൽ ആശ്വാസമായി നൂറു കണക്കിന് വീടുകൾക്ക് അഞ്ച് വർഷം വരെ എനർജി സൗജന്യമായി ലഭിക്കുന്ന പുതിയ പദ്ധതിയെ കുറിച്ചുള്ള വാർത്തയും വരുന്നുണ്ട്. ഒക്ടോപസ് എനർജിയും ബിൽഡർമാരും ചേർന്നാണ് ഈ പദ്ധതി ഒരുക്കുന്നത്. സീറോ ബിൽ പദ്ധതി പ്രകാരം ഹീറ്റ് പമ്പ്, സ്മാർട്ട് മീറ്റർ, ഹോം ബാറ്ററി തുടങ്ങിയ ഹരിത സാങ്കേതിക വിദ്യകൾ വീട്ടിൽ ഇൻസ്റ്റാൾചെയ്യണം. അതിനു ശേഷം ഒക്ടോപസ് സീറോ എനർജി ടാരിഫിൽ സൈൻ അപ് ചെയ്യണം. തങ്ങൾ ഉദ്പാദിപ്പിക്കുന്നതിലും കൂടുതൽ എനർജി ഉപയോഗിച്ചാൽ പോലും ഒരു വീടും എനർജിക്കായി പണം മുടക്കേണ്ടി വരില്ല എന്നാണ് ഒക്ടോപസ് പറയുന്നത്.
എന്നാൽ, ഓരോ വീടിനും പരിമിതമായ തോതിലുള്ള വൈദ്യുതി മാത്രമെ ഓരോ വർഷവും ലഭിക്കുകയുള്ളൂ. അത് കഴിഞ്ഞുള്ള ഉപയോഗത്തിന് ചാർജ്ജ് നൽകേണ്ടി വരും. എന്നാൽ, ഒരു ശരാശരി കുടുംബത്തിന്റെ വൈദ്യുതി ഉപയോഗം ഒരിക്കലും ഈ പരിധിക്ക് പുറത്ത് പോകില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഓരോ വീടുമായും ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനലുകൾ ഉപയോഗിച്ചായിരിക്കും വൈദ്യുതി ഉദ്പാദിപ്പിക്കുക. ഈ പാനൽ മാനേജ് ചെയ്യുന്നത് ഒക്ടോപസ് ആയിരിക്കും. ഓരോ വീട്ടിലെയും ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി ഒക്ടോപസ് എടുക്കുകയും ചെയ്യും.
സീറോ ടാരിഫിന്റെ സ്പെസിഫിക്കേഷനുകൾക്ക് അനുസരിച്ച് പുതിയതായി നിർമ്മിക്കപ്പെട്ട വീടുകൾക്ക് മാത്രമാണ് നിലവിൽ ഈ സ്‌കീം ബാധകമാവുക. എന്നാൽ, ഭാവിയിൽ കൂടുതൽ വീടുകളെ ഉൾപ്പെടുത്തി ഈ പദ്ധതി വിപുലീകരിക്കും. 2013 ന് ശേഷം നിർമ്മിച്ച അഞ്ചു ലക്ഷത്തിലധികം വീടുകൾക്ക് നിലവിൽ ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ട് എന്നാണ് ഒക്ടോപസ് പറയുന്നത്.
© Copyright 2024. All Rights Reserved