സ്വവർഗ വിവാഹത്തെ ആശീർവദിക്കാനുള്ള നിലപാടിൽ വിശദീകരണവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ആഫ്രിക്കയിലേത് പ്രത്യേക സാഹചര്യമാണെന്നും അവിടെ നിന്നുള്ള എതിർപ്പ് മനസിലാക്കുന്നുവെന്നും മാർപ്പാപ്പ വ്യക്തമാക്കി. സ്വവർഗ ദമ്പതികൾക്ക് ആശീർവാദം അനുവദിക്കാനുള്ള തൻറെ തീരുമാനത്തെ ഇന്ന് വിമർശിക്കുന്നവർ പിന്നീടത് മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വവർഗ വിവാഹത്തെ ആശീർവദിക്കാൻ നേരത്തെ മാർപ്പാപ്പ അനുമതി നൽകിയിരുന്നു. എന്നാൽ ആഫ്രിക്കൻ സഭകളിൽ നിന്നടക്കം ഇതിനെതിരെ കടുത്ത എതിർപ്പ് രംഗത്ത് വന്ന സാഹചര്യത്തിലാണ് വിശദീകരണം. ആഫ്രിക്കയിലേത് പ്രത്യേക സാഹചര്യമാണെന്നാണ് മാർപ്പാപ്പ പറഞ്ഞത്. സ്വവർഗ ലൈംഗികത ആഫ്രിക്കൻ സംസ്കാരത്തിൽ നിഷിദ്ധമാണ്. ഇപ്പോൾ തൻറെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഭാവിയിൽ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇറ്റാലിയൻ മാധ്യമമായ ലാ സ്റ്റാമ്പയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മാർപ്പാപ്പ പറഞ്ഞത്.
ആഫ്രിക്കയിലെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ ദ സിംപോസിയം ഓഫ് എപിസ്കോപ്പൽ കോൺഫ്രൻസ് ഓഫ് ആഫ്രിക്ക ആൻറ് മഡഗാസ്കർ ആണ് സ്വവർഗ വിവാഹത്തെ ആശീർവദിക്കുന്നതിനോട് എതിർപ്പ് അറിയിച്ചത്. അത്തരം ആശീർവാദം അനുചിതമാണെന്നാണ് ബിഷപ്പുമാർ വ്യക്തമാക്കിയത്. ആഫ്രിക്കൻ കമ്മ്യൂണിറ്റികളുടെ സാംസ്കാരിക ധാർമ്മികതയ്ക്ക് വിരുദ്ധമാണിത്. ഇത് സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ബിഷപ്പുമാർ പറഞ്ഞു. ഉഗാണ്ട പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വവർഗ ലൈംഗിക ബന്ധത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് വിധിക്കുന്നത്. അതേസമയം ഫ്രാൻസ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ ബിഷപ്പുമാർ സ്വർഗ വിവാഹത്തെ ആശീർവദിക്കാമെന്ന തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി.
സ്വവർഗ ദമ്പതികൾക്ക് കൂദാശയോ ആരാധനാക്രമമോ ഇല്ലാതെ ആശീർവാദം നൽകാനാണ് പോപ്പ് അനുമതി നൽകിയത്. അനുഗ്രഹം തേടാനും സഭയോട് അടുത്തുനിൽക്കാനും ആഗ്രഹിക്കുന്നവരെ അതിരുവിട്ട ധാർമിക വിചാരണയിലൂടെ തടയേണ്ടതില്ല എന്നാണ് അദ്ദേഹത്തിൻറെ നിലപാട്. കർദിനാൾമാർക്ക് മാർപ്പാപ്പ എഴുതിയ കത്തിൻറെ വിശദീകരണമായാണ് പുതിയ രേഖ പുറത്തിറക്കിയത്. അതേസമയം സഭയുടെ കാഴ്ചപ്പാടിൽ വിവാഹം എന്നാൽ സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടിയാണ്. എന്നാൽ അതിനു പുറത്തുനിൽക്കുന്നവർ ആശീർവാദം തേടിയെത്തിയാൽ പുറത്തുനിർത്തേണ്ടതില്ല എന്നാണ് സഭയുടെ തീരുമാനം.
ലൈംഗികാനന്ദം ദൈവത്തിൻറെ വരദാനമാണെന്നെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞിട്ടുണ്ട്. പക്ഷെ അച്ചടക്കവും ക്ഷമയും വേണം. പോൺ വീഡിയോകൾ വലിയ അപകടമുണ്ടാക്കും. പോൺ കാണുന്നത് ലൈംഗികാസക്തി വർദ്ധിപ്പിക്കും. ലൈംഗികത വിലമതിക്കേണ്ട ഒന്നാണ്. കാമാസക്തി ബന്ധങ്ങളുടെ ദൃഢത ഇല്ലാതാക്കും. സ്വന്തം ആവശ്യവും സന്തോഷവും മാത്രമാണ് അവിടെ പരിഗണിക്കപ്പെടുന്നതെന്നും പോപ്പ് പറയുകയുണ്ടായി.
© Copyright 2023. All Rights Reserved