മഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരാതിക്കാരനും പിസി ജോർജിന്റെ മകനുമായ ഷോൺ ജോർജ്ജ്. ഈ കേസിനെ കുറിച്ച് ഫോണിൽ പോലും ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും ഷോൺ ജോർജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിനീഷ് കോടിയേരി തന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ഫോണിൽ പോലും ബിനീഷുമായി ചർച്ച നടത്തിയിട്ടില്ല. ഈ കേസിനെ ഞങ്ങളുടെ സൗഹൃദവുമായി കൂട്ടി കുഴയ്ക്കണ്ട. എനിക്ക് എന്റെ രാഷ്ട്രീയം. അവർക്ക് അവരുടെ രാഷ്ട്രീയമെന്നും ഷോൺ പറഞ്ഞു.
=================aud=======================
സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പരാമർശിച്ച പി.വി പിണറായി വിജയൻ തന്നെയാണെന്ന് ഷോൺ ജോർജ്ജ് പറഞ്ഞു. 2023 സെപ്തംബർ 29 ന് താൻ എസ്എഫ്ഐഎക്കും കോർപറേറ്റ് മന്ത്രാലയത്തിനും പരാതി നൽകി. ഈ മാസം അഞ്ചിനാണ് സിഎംആർഎല്ലും കെഎസ്ഐഡിസിയും കമ്പനി രജിസ്ട്രാർക്ക് വിശദീകരണം നൽകിയത്. ഈ മറുപടി രജിസ്ട്രാർ ഓഫ് കമ്പനീസ് തനിക്ക് നൽകി. അതിനുള്ള മറുപടിയും താൻ ഫയൽ ചെയ്തിട്ടുണ്ട്. ആറ് മാസമായി സ്പെഷൽ ബ്രാഞ്ച് തന്നെ നിരീക്ഷിക്കുകയാണ്. ഫോൺ ചോർത്തുന്നുണ്ട്. എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു മുന്നിൽ ഈ വിഷയത്തിലെ ഏക പരാതി തന്റേതു മാത്രമാണ്. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്സാലോജികെന്നും എക്സാലോജികിനെതിരെ അന്വേഷണം വരുമെന്ന് മുൻകൂട്ടി കണ്ടാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു.
© Copyright 2023. All Rights Reserved