കെട്ടിട നിർമ്മാണ മേഖലയിൽ ആവശ്യമായ അഞ്ച് ലക്ഷത്തോളം അധിക തൊഴിലാളികളെ കണ്ടെത്താൻ ലേബർ പാർട്ടിയുടെ ഇമിഗ്രേഷൻ നയങ്ങളിൽ അയവ് വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. അടുത്ത അഞ്ചു വർഷക്കാലത്തിനിടയിൽ 15 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുമെന്ന ലേബർ പാർട്ടിയുടെ വാഗ്ദാനം പാലിക്കണമെങ്കിൽ ഒരു വർഷം മൂന്നു ലക്ഷം വീടുകളെങ്കിലും നിർമ്മിക്കേണ്ടതായി വരും. ഇത് സാധ്യമാക്കണമെങ്കിൽ കുറഞ്ഞത് അഞ്ചു ലക്ഷം തൊഴിലാളികളെയെങ്കിലും ഇനിയും ആവശ്യമായി വരും എന്നാണ് ക്യാപിറ്റൽ എക്കണോമിക്സ് പറയുന്നത്.
-------------------aud--------------------------------
നെറ്റ് ഇമിഗ്രേഷൻ കുറയ്ക്കാൻ പ്രധാന മന്ത്രി കീർ സ്റ്റാർമർ നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ഇത് തീർത്തും ക്ലേശകരമായ ഒരു ലക്ഷ്യമായിരിക്കും എന്നാണ് അവർ പറയുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളികൾക്കായി പ്രത്യേകം വിസ പദ്ധതിക്ക് രൂപം കൊടുക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. 2022/ 23 കാലഘട്ടത്തിൽ 2,34,400 അധിക ഭവനങ്ങളാണ് ഇംഗ്ലണ്ടിൽ ഉയർന്നത്. പ്രതിവർഷക്കണക്കെടുത്താൽ 65,000 വീടുകളുടെ കുറവുണ്ട്.
2025 നും 2029 നും ഇടയിൽ 15 ലക്ഷം വീടുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കുവാൻ സർക്കാരിന് ഇത്രയും വീടുകൾ കൂടി പണിയേണ്ടതായി വരും. മറ്റെല്ലാ തടസ്സങ്ങളും നീക്കി സർക്കാർ പ്രതിവർഷം മൂന്നു ലക്ഷം വീടുകൾ പണിയുന്നതിനുള്ള അനുമതി നൽകിയാൽ പോലും അത്രയും വീടുകൾ പണിയുന്നതിന് ആവശ്യമായ തൊഴിലാളികൾ ഇല്ല എന്നതാണ് ഇപ്പോൾ കെട്ടിട നിർമ്മാണ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.
© Copyright 2024. All Rights Reserved