ബോട്ടുകളെ തടയാനുള്ള യുകെ ഗവൺമെന്റ് നയങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഉന്നത യുഎൻ ഉദ്യോഗസ്ഥൻ. കുടിയേറ്റ പ്രശ്‌നങ്ങളിൽ വ്യാജ പ്രതികരണം നടത്തുകയാണ് ഗവൺമെന്റ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥൻ ആരോപിച്ചു. കഴിഞ്ഞ വർഷം തന്റെ അഞ്ചിന മുൻഗണനാ വിഷയത്തിൽ പ്രധാനമന്ത്രി ഋഷി സുനാക് ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ കുടിയേറ്റക്കാർ അനായാസ ലക്ഷ്യങ്ങളാണെന്ന് യുഎൻ ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് ഫിലിപ്പിനോ ഗ്രാൻഡി ബിബിസിയോട് പറഞ്ഞു. അനധികൃത കുടിയേറ്റം തടയാൻ ശക്തവും, നൂതനവുമായ പരിഹാരങ്ങൾ അനിവാര്യമാണെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, യുകെ പൊതുതെരഞ്ഞെടുപ്പും അടുത്ത് വരവെ വോട്ടർമാരിൽ നിന്നും ഭരണകർത്താക്കൾ ഇമിഗ്രേഷൻ വിഷയങ്ങളിൽ സമ്മർദം നേരിടുന്നുണ്ടെന്ന് ഗ്രാൻഡി സമ്മതിക്കുന്നു. 'ഇത് രാഷ്ട്രീയക്കാർ തന്നെയാണ് ഊതി വീർപ്പിക്കുന്നത്. ഇത് ഉപയോഗിച്ച് വോട്ട് നേടുകയാണ് ലക്ഷ്യം. ഈ പ്രശ്‌നം പരിഹരിക്കാൻ പണിയെടുക്കണമെന്ന് പറയുന്നതിൽ ആകർഷണമില്ല. മറിച്ച് ഇവരെ തള്ളി പുറത്താക്കാമെന്ന് പറയുന്നതിനാണ് മുൻഗണന', ഗ്രാൻഡി വ്യക്തമാക്കി.
യുകെയുടെ റുവാൻഡ സ്‌കീമിനെ കുറിച്ചും ഗ്രാൻഡി ആശങ്കകൾ രേഖപ്പെടുത്തി. പാർലമെന്റ് പരിഗണിക്കുന്ന സ്‌കീം വഴി യുകെയിലെത്തുന്ന അഭയാർത്ഥികളെ റുവാൻഡയിലേക്ക് അയയ്ക്കുകയും, ഇവരുടെ അപേക്ഷ അവിടെ നിന്നും പരിഗണിക്കുകയും ചെയ്യുന്നതാണ് സ്‌കീമിന്റെ സവിശേഷത.
© Copyright 2024. All Rights Reserved