ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ പശ്ചിമ ബംഗാൾ നിയമസഭയിൽ അവതരിപ്പിച്ചു. അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോർട്ട് ചെയ്താൽ അഞ്ച് വർഷം വരെ തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. വനിത ഡോക്ടറുടെ കൊലപാതകത്തിൽ സർക്കാരിനുണ്ടായ വീഴ്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന് ബിജെപി വിമർശിച്ചു.
-----------------------------
അപരാജിത വുമൺ ആൻഡ് ചൈൽഡ് വെസ്റ്റ് ബെംഗാൾ ക്രിമിനൽ ലോ അമൻഡ്മെൻറ് ബിൽ 2024 ബംഗാൾ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയിൽ അവതരിപ്പിച്ചത്.യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കത്തുമ്പോൾ പ്രതിരോധത്തിലായ സർക്കാറിൻറെ മുഖം രക്ഷിക്കാനാണ് മമത ബാനർജിയുടെ നീക്കം.
അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വർഷം തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും 3 മുതൽ 5 വർഷം വരെ തടവ് ശിക്ഷ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോർട്ട് ചെയതാലും 5 വർഷം വരെ തടവ് ശിക്ഷ കിട്ടും.
വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലിൽ നിർദ്ദേശിക്കുന്നു. ബിൽ സഭ പാസാക്കി ഉടൻ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നുമാണ് മമത ബാനർജിയുടെ മുന്നറിയിപ്പ്. എന്നാൽ, ബംഗാളിൽ പ്രത്യേകം നിയമ ഭേദഗതിയുടെ ആവശ്യമില്ലെന്നും നിലവിലെ നിയമത്തിൽ കർശന വ്യവസ്ഥകളുണ്ടെന്നുമാണ് കേന്ദ്ര നിലപാട്. അതുകൊണ്ടുതന്നെ ഗവർണർ ബില്ലിൽ ഒപ്പിടില്ലെന്ന് വ്യക്തമാണ്.
അതേസമയം, യുവഡോക്ടറുടെ കൊലപാതക കേസിലെ വീഴ്ചകൾ മറച്ചുവയ്ക്കാനാണ് തിരക്കിട്ടുള്ള സർക്കാർ നടപടിയെന്നും മുഖ്യമന്ത്രി മമത ബാനർജി മറ്റാരോടും ആലോചിക്കാതെയാണ് നിയമം കൊണ്ടുവരുന്നതെന്നും ബിജെപി വിമർശിച്ചു. ബിജെപി അംഗങ്ങൾ ഇന്ന് കറുത്ത ഷാളണിഞ്ഞാണ് സഭയിലെത്തിയത്.
© Copyright 2023. All Rights Reserved