ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്‌നാട്ടിൽ നിന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പുരാവസ്തു പരിശോധനാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇന്നത്തെ തമിഴ് സംസാരിക്കുന്ന പ്രദേശത്ത്, മൂന്നാം സഹസ്രാബ്ദത്തിന്റെ മധ്യത്തിൽ തുടങ്ങി ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്നാണ്. 5,300 വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
-------------------aud----------------------------
ഇതുവഴി ഇരുമ്പുയുഗ കാലഘട്ടത്തെ ഏകദേശം രണ്ട് സഹസ്രാബ്ദങ്ങൾ പിന്നോട്ട് തള്ളിയിരിക്കുകയാണ്. 'ഇരുമ്പിന്റെ പുരാതനത്വം: തമിഴ്നാട്ടിൽ നിന്നുള്ള സമീപകാല റേഡിയോമെട്രിക് തീയതികൾ' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് ചെന്നൈയിൽ പുറത്തിറക്കുകയായിരുന്നു സ്റ്റാലിൻ. 'ഇരുമ്പുയുഗം തമിഴ് മണ്ണിൽ ആരംഭിച്ചു' എന്ന ശ്രദ്ധേയമായ നരവംശശാസ്ത്ര പ്രഖ്യാപനം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ ലോകത്തോടുമായി നടത്തുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.
തൂത്തുക്കുടി ജില്ലയിലെ ശിവഗലൈ, തിരുനെൽവേലി ജില്ലയിലെ ആദിച്ചനല്ലൂർ, കൃഷ്ണഗിരി ജില്ലയിലെ മയിലാടുംപാറൈ തുടങ്ങി വിവിധ പുരാവസ്തു കേന്ദ്രങ്ങളിൽ നിന്നുള്ള സാംപിളുകൾ ലഖ്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസ്; അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി; യുഎസ്എയിലെ ഫ്‌ലോറിഡയിലെ ബീറ്റാ അനലിറ്റിക് ലാബ് എന്നിവയുൾപ്പെടെ പ്രശസ്ത ലാബോറട്ടറികളിൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. തമിഴ് ഭൂപ്രകൃതിയിലാണ് അയിരിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുക്കുന്നതിനുള്ള ഉരുക്കൽ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചതെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് ക്രോണോമെട്രിക് ഡേറ്റിങിലൂടെ സ്ഥാപിച്ചതായി സ്റ്റാലിൻ പറഞ്ഞു. ഇത് തമിഴ് വംശത്തിനും തമിഴ്‌നാടിനും തമിഴ് ഭൂപ്രകൃതിക്കും അഭിമാനകരമാണ്. തമിഴ് ഭൂപ്രകൃതിയിൽ നിന്ന് മനുഷ്യരാശിക്കുള്ള ഒരു മഹത്തായ സമ്മാനമാണിതെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
© Copyright 2024. All Rights Reserved