ഇറാഖിലെ അർദ്ധ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാൻ മേഖലയിൽ സ്ഥിതി ചെയ്തിരുന്ന ഇസ്രായേലിൻ്റെ `ചാരപ്രവർത്തന കേന്ദ്രം´ആക്രമിച്ചതായി ഇറാൻ്റെ വെളിപ്പെടുത്തൽ. ഇറാൻ റെവല്യൂഷണറി ഗാർഡുകളെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയിലും ആക്രമണം നടത്തിയതായും എലൈറ്റ് ഫോഴ്‌സ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി വൈകി ഈ മേഖലയിലെ ചാരപ്രവർത്തന കേന്ദ്രങ്ങളും ഇറാനിയൻ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളും നശിപ്പിക്കാനായി ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുവെന്ന് ഇറാൻ ഗാർഡ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേലിൻ്റെ ചാര ഏജൻസിയായ മൊസാദിൻ്റെ സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്.
കുർദിസ്ഥാൻ്റെ തലസ്ഥാനമായ എർബിലിന് വടക്ക് കിഴക്ക് യുഎസ് കോൺസുലേറ്റിന് സമീപമുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡുകൾ വ്യക്തമാക്കി. അതിനൊപ്പം തന്നെ ഇറാനിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ആക്രമണം നടത്തിയതായും ഗാർഡുകൾ പറഞ്ഞു.
അതേസമയം മിസൈൽ ആക്രമണം യുഎസ് കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.
ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഹമാസിനെ പിന്തുണച്ചാണ് ഇറാൻ രംഗത്തെത്തിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന `കുറ്റകൃത്യങ്ങളെ´ അമേരിക്ക പിന്തുണയ്ക്കുന്നു എന്നാണ് ഇറാൻ്റെ ആരോപണം. തങ്ങൾ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതായി യുഎസ് പറഞ്ഞിരുന്നുവെങ്കിലും കൊല്ലപ്പെട്ട പലസ്തീൻ സിവിലിയൻമാരുടെ എണ്ണത്തിൽ ആശങ്ക ഉയർത്തി അവർ രംഗത്തെത്തിയിരുന്നു.
ഇറാഖിൻ്റെ വടക്കൻ കുർദിസ്ഥാൻ മേഖലയിൽ ഇറാൻ മുമ്പ് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്, ഈ പ്രദേശം ഇറാനിയൻ വിഘടനവാദ ഗ്രൂപ്പുകളുടെയും ഇസ്രായേലിന്റെ ഏജന്റുമാരുടെയും കേന്ദ്രമായി ഉപയോഗിക്കുന്നു എന്നാണ് ഇറാൻ്റെ ആരോപണം. 2023-ൽ ടെഹ്‌റാനുമായി ഉണ്ടാക്കിയ സുരക്ഷാ കരാറിൻ്റെ ഭാഗമായി ചില അംഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നീക്കം നടത്തിയിരുന്നു. അതിർത്തി മേഖലയിലെ വിഘടനവാദ ഗ്രൂപ്പുകളെക്കുറിച്ചുള്ള ഇറാൻ്റെ ആശങ്കകൾ പരിഹരിക്കാനും ബാഗ്ദാദ് മുൻകൈയെടുത്തിരുന്നു.
ഈ മാസം ആദ്യം ഇറാൻ്റെ തെക്കുകിഴക്കൻ കെർമാൻ നഗരത്തിൽ നടന്ന സ്ഫോടനത്തിൽ 100 ഓളം പേർ കൊല്ലപ്പെടുകയുണ്ടായി. ഉന്നത കമാൻഡർ ഖാസിം സുലൈമാനിയുടെ സ്മാരകത്തിൽ നടന്ന രണ്ട് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റാണ് ഏറ്റെടുത്തത്.
© Copyright 2025. All Rights Reserved