തങ്ങളുടെ കോൺസുലേറ്റ് ആക്രമിച്ചതിനെതിരെ തിരിച്ചടിക്കുമെന്ന ഇറാൻ ഭീഷണിയെ തുടർന്ന് ഇസ്രായേലിൽ ആക്രമണ ഭീതി ഉയരുന്നു. അവശ്യസാധനങ്ങളും ട്രാൻസിസ്റ്റർ റേഡിയോകളും വൈദ്യുതി ജനറേറ്ററുകളും വാങ്ങാൻ ഇന്നലെ രാജ്യത്തുടനീളം ആളുകൾ തിരക്കുകൂട്ടി. ഇവയുടെ വിൽപനയിൽ വ്യാഴാഴ്‌ച കുതിച്ചുചാട്ടമുണ്ടായതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
-------------------aud--------------------------------
അതിനിടെ ജി.പി.എസ് സിഗ്നൽ സംവിധാനം വ്യാപകമായി തടസ്സപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചു. ഗൂഗ്ൾ മാപ് പോലുള്ള നാവിഗേഷൻ ആപ്പുകൾക്ക് തടസ്സം നേരിട്ടതായി പ്രദേശവാസികൾ പറഞ്ഞു. തെൽ അവീവിലൂടെ വാഹനമോടിക്കുന്നവരുടെ ആപ്പുകളിൽ ലെബനാനിലെ ബെയ്റൂത്താണ് ലൊക്കേഷനായി കാണിച്ചിരുന്നത്, ഇറാനിയൻ ആക്രമണം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് തടസ്സം സൃഷ്ടിച്ചതെന്നാണ് സൈന്യം പറയുന്നത്. വ്യാഴാഴ്ച്‌ചത്തെ വിൽപന സാധാരണ ദിവസങ്ങളേക്കാൾ കൂടുതലായിരുന്നുവെന്ന് റാമി
ലെവി സൂപ്പർമാർക്കറ്റുകളുടെ ഉടമ റാമി ലെവി പറഞ്ഞു. സുരക്ഷാ
സാഹചര്യത്തെക്കുറിച്ചുള്ള പരിഭ്രാന്തി കാരണമാണോ വിൽപന ഉയർന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള വിൽപനയിൽ 300 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി യോചാനനോഫ് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായ ഈറ്റൻ യോചാനനോഫ് പറഞ്ഞു. ഇന്നലെ മാത്രം ആയിരക്കണക്കിന് ജനറേറ്ററുകൾ വിറ്റതായി വൈദ്യുതി ഉപകരണ വിൽപന ശൃംഖലയിലെ ഉദ്യോഗസ്ഥൻ 'ദി മാർക്കർ' ദിനപത്രത്തോട് പറഞ്ഞു. വൈദ്യുതി ശൃംഖലയിൽ മിസൈൽ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്നാണ് ഈ കുതിച്ചു ചാട്ടം. “ആവശ്യക്കാർ കൂടിയതോടെ സ്റ്റോറുകളിൽ കൂടുതൽ ജനറേറ്ററുകൾ എത്തിക്കുമ്പോഴേക്കും ചൂടപ്പം പോലെ വിറ്റുപോയി' -അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്ന് നിരവധി മുനിസിപ്പാലിറ്റികൾ വ്യാഴാഴ്ച അവയുടെ പരിധിയിലെ താമസക്കാരോട് ആഹ്വാനം ചെയ്‌തു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ 600 വാക്കി-ടോക്കികൾ വാങ്ങുമെന്ന് ഇസ്രായേലിലെ പ്രാദേശിക ഫെഡറേഷൻ അറിയിച്ചു. "രാജ്യത്തെ മുഴുവൻ ജനങ്ങളോടും ഹോം ഫ്രണ്ട് കമാൻഡിൻ്റെ നിർദേശങ്ങൾ അനുസരിക്കാൻ ആഹ്വാനം ചെയ്യുന്നു. വരാനിരിക്കുന്ന ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യണം'- ഫെഡറേഷൻ ചെയർമാൻ ഹൈം ബിബാസ് പ്രസ്‌താവനയിൽ പറഞ്ഞു. അതിനിടെ, ജനങ്ങളുടെ ഭീതിയകറ്റാൻ ഇസ്രായേൽ പ്രതിരോധ സേന വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി രംഗത്തെത്തി. ജനറേറ്ററുകൾ വാങ്ങാനും ഭക്ഷണം ശേഖരിക്കാനും എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും ആരും തിരക്കുകൂട്ടേണ്ടതില്ലെന്ന് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറഞ്ഞു. സിവിലിയൻമാർക്കുള്ള നിർദേശങ്ങളിൽ ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും സൈന്യം അറിയിച്ചു.
© Copyright 2024. All Rights Reserved