ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ മറ്റൊരാളെ കൂടി കൊലപ്പെടുത്തിയതായി സംശയം.2014ൽ പത്തനംതിട്ട പന്തളത്ത് സരോജിനിയുടെ കൊലപാതകത്തിലെ അന്വേഷണമാണ് നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവത് സിങ്, ലൈല എന്നിവരിലേക്ക് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും ക്രൈംബ്രാഞ്ച് സംഘം വിയ്യൂർ ജയിലിൽ എത്തി ചോദ്യം ചെയ്തു. നേരത്തെ പ്രതികളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ എറണാകുളം അഡീഷനൽ സെഷൻസ് കോടതി അംഗീകരിച്ചിരുന്നു. നരബലിക്കേസിന് സമാനമായ രീതിയിലാണ് സരോജിനിയുടേതും എന്നതിന് വ്യക്തമായ കാരണങ്ങളും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
2014 സെപ്റ്റംബർ പതിനഞ്ചിനാണ് കുളനട ആറന്മുള റോഡരികിൽ നിന്ന് 59കാരി സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ 44 മുറിവുകൾ കണ്ടെത്തി. മുറിവുകളിൽ നിന്ന് രക്തം വാർന്നായിരുന്നു മരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ലോക്കൽ പൊലീസ് ആദ്യം അന്വേഷണം നടത്തിയ കേസ് 2018ൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നിട്ടും പ്രതികളിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ വർഷം ഒക്ടോബർ പതിനൊന്നിന് നരബലിയുടെ വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്നാണ് ഈ കൊലപാതകങ്ങൾക്ക് സമാനമാണ് സരോജിനിയുടെതെന്നും ക്രൈംബ്രാഞ്ച് സംശയം പ്രകടിപ്പിക്കുന്നത്. സരോജിനിയെ കാണാതായ സമയത്ത് നരബലി കേസിലെ പ്രതി ഭഗവൽ സിങ്ങിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു എന്നതിന് തെളിവുകൾ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നരബലി കേസിലെ ഇരകളായ റോസ് ലിൻ, പത്മ എന്നിവരുടെതിന് സമാമനമായ പ്രായവും ജീവിത സാഹചര്യവുമായിരുന്നു സരോജിനിയുടെതെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു.
© Copyright 2023. All Rights Reserved