ഇലോൺ മസ്‌കിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ. മസ്‌കിനെ വംശീയവാദിയെന്നും ചെകുത്താനെന്നും വിശേഷിപ്പിച്ച് ബാനൻ ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി മസ്‌കിനെ വൈറ്റ് ഹൗസിൽ നിന്ന് താഴെയിറക്കുമെന്നും അഭിപ്രായപ്പെട്ടു.
-------------------aud--------------------------------
കുടിയേറ്റ നയത്തെച്ചൊല്ലി ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് അഗെയ്ൻ (മാഗ) ക്യാമ്പുകളിൽ മസ്‌കിനെതിരേയും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്കെതിരേയും വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ബാനന്റെ പരാമർശം. മസ്‌കിന്റെ കുടിയേറ്റങ്ങളെ നിശിതമായി വിമർശിച്ച ബാനൻ ഉയർന്ന ഉദ്യോഗസ്ഥൻ എന്ന തരത്തിലുള്ള വൈറ്റ് ഹൗസിലേക്കുള്ള മസ്‌കിന്റെ പ്രവേശനം തടയുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇറ്റലിയിലെ കൊറിയർ ഡെല്ല സെറ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബാനന്റെ പ്രഖ്യാപനം. അവൻ ശരിക്കും ഒരു ദുഷ്ടനാണ്, വളരെ മോശമായ ആളാണ്. ഈ വ്യക്തിയെ താഴെയിറക്കുക എന്നത് ഇപ്പോൾ എന്റെ വ്യക്തിപരമായ ആവശ്യമായി മാറിയിരിക്കുകയായണ്. മുമ്പ് അവൻ പ്രചരണത്തിൽ പണം നിക്ഷേപിച്ചതിനാൽ, ഞാൻ അത് സഹിക്കാൻ തയ്യാറായിരുന്നു.
ഇനി അത് സഹിക്കാൻ ഞാൻ തയ്യാറല്ല. അവന് വൈറ്റ് ഹൗസിലേക്ക് പൂർണമായ പ്രവേശനം ഉണ്ടായിരിക്കില്ല. അവൻ മറ്റേതൊരു വ്യക്തിയെയും പോലെ മാത്രയിരിക്കും,’ ബാനൻ പറഞ്ഞു.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാനിയായ മസ്‌കിന് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു.എസ് കാബിനറ്റിലെ നിർണായക വകുപ്പിന്റെ ചുമതല നൽകി ട്രംപ് നന്ദി അറിയിച്ചിരുന്നു. ഇലോൺ മസ്‌കിനും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്കും അമേരിക്കൻ ബ്യൂറോക്രസിയിലെ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ (DOGE) ചുമതലയാണ് ട്രംപ് നൽകിയത്. ട്രംപിന്റെ വിജയത്തിനായി ഏകദേശം 270 മില്യൺ ഡോളർ മസ്‌ക് ചെലവഴിച്ചു എന്നാണ് വിലയിരുത്തൽ. മസ്‌ക് സ്വദേശമായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങണം എന്നാണ് ബാനൻ ആവശ്യപ്പെടുന്നത്. ഭൂമിയിലെ ഏറ്റവും വംശീയവാദികളായ വെളുത്ത ദക്ഷിണാഫ്രിക്കക്കാർ, അമേരിക്കയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതെന്തിനെന്നും ബാനൻ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
‘ഒരു ട്രില്യണയർ ആകുക എന്നതാണ് മസ്‌കിന്റെ ഏക ലക്ഷ്യം. തന്റെ കമ്പനിയെ സംരക്ഷിക്കാനും കൂടുതൽ പണം സമ്പാദിക്കാനും അവൻ എന്തും ചെയ്യും. അവന്റെ സമ്പത്തിലൂടെ അധികാരം നേടാനാണ് അവൻ ശ്രമിക്കുന്നത്,’ ബാനൻ പറഞ്ഞു. ട്രംപിന്റ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസിലെ ഉപദേശക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ബാനൻ പിന്നീട് മാഗ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളിൽ ഒരാളായി തിരിച്ച് വരുകയായിരുന്നു.
© Copyright 2024. All Rights Reserved