അതിർത്തി കടന്നു തെക്കൻഗാസയിൽ പ്രവേശിച്ച ഇസ്രയേൽ ടാങ്കുകൾ ഖാൻ യൂനിസ് നഗരത്തിൽ റെയ്‌ഡ് ആരംഭിച്ചു. അഭയാർഥിക്യാംപുകൾ വളഞ്ഞ സൈന്യം ആരോടും പുറത്തിറങ്ങരുതെന്നും കനത്ത ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. ഖാൻ യൂനിസിലെ നാസർ ആശുപത്രി പരുക്കേറ്റവരെക്കൊണ്ടും മരിച്ചവരെക്കൊണ്ടും നിറഞ്ഞു. ഇന്നലെ രാവിലെ മാത്രം 43 പേരെയാണു മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. അതിനിടെ വടക്കൻ ഗാസയിലും ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്നു. ഹമാസ് താവളമുണ്ടെന്നാരോപിച്ച് ജബാലിയ അഭയാർഥി ക്യാംപ് വീണ്ടും ആക്രമിച്ചു.യുദ്ധം ആരംഭിച്ച ഒക്ടോബർ 7 മുതൽ ഇതുവരെ ഗാസയിൽ 16,000 പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 250 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 40,900 പേർക്കു പരുക്കേറ്റു. 30 ആരോഗ്യപ്രവർത്തകരെ ഇസ്രയേൽ അറസ്‌റ്റുചെയ കൊണ്ടുപോയി. അധിനിവേശ വെസ്‌റ്റ് ബാങ്കിൽ ഇതുവരെ 260 പേർ കൊല്ലപ്പെട്ടു. 3200 പേർക്കു പരുക്കേറ്റു. യുദ്ധം സാധാരണജനങ്ങളെ ബാധിക്കാതെ വേണമെന്ന് ഇസ്രയേലിനോട് യുഎസ് അടക്കം രാജ്യങ്ങൾ അഭ്യർഥിച്ചെങ്കിലും ഫലമില്ല. യുദ്ധം അവസാനിപ്പിക്കാനുളള മധ്യസ്‌ഥ ചർച്ചകൾ തുടരുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൽറഹ്‌മാൻ അൽത്താനി പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുഎഇയും സൗദിയും സന്ദർശിക്കും. ഇറാൻ പ്രസിഡന്റ് സെയ്‌ദ് ഇബ്രാഹിം റെയ്‌സി ഈയാഴ്‌ച മോസ്കോ സന്ദർശിക്കും. 3.8 ലക്ഷം നിവാസികളുള്ള ഖാൻ യൂനിസിൽ രണ്ടേമുക്കാൽ ലക്ഷത്തോളം അഭയാർഥികൾ കൂടി ഇപ്പോഴുണ്ട്. നഗരം ഒഴിയാൻ ഇസ്രയേൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇവിടെനിന്ന് ഇനി പോകാനുള്ള ഏകയിടം ഈജിപ്‌ത് അതിർത്തിയോടു ചേർന്നുള്ള റഫയാണ്. നാസർ ആശുപത്രി പരിസരത്ത് 50 ദിവസങ്ങളായി തമ്പടിച്ച ഒട്ടേറെ കുടുംബങ്ങൾ സാധനങ്ങൾ പെറുക്കിക്കൂട്ടി അവസാനത്തെ അത്താണിയായ റഫയിലേക്കു തിരിച്ചു. റഫയിലെ 2.8 ലക്ഷം വരുന്ന ജനസംഖ്യയുടെ ഏതാണ്ട് ഇരട്ടിയോളം പേർ ഇവിടെ പലായനം ചെയ്ത്‌ത് എത്തിയിട്ടുണ്ട്. 7.5 ലക്ഷത്തോളം പേർ കഴിയുന്നിടത്തേക്ക് ഖാൻ യൂനിസിൽനിന്നുള്ള 6 ലക്ഷം പേർ കൂടി വരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന ഏജൻസികൾ ചൂണ്ടിക്കാട്ടി.
© Copyright 2023. All Rights Reserved