ഗസ്സയിയിൽ നരനായാട്ട് തുടരുമ്പോഴും ഇസ്രായേലിനുള്ള പിന്തുണ ആവർത്തിച്ച് യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ. സ്വതന്ത്ര ജൂതരാഷ്ട്രമായി നിലകൊള്ളാനുള്ള ഇസ്രായേലിന്റെ അവകാശത്തെ യു.എസ് എന്നും പിന്തുണക്കുമെന്ന് ബൈഡൻ പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കഴിഞ്ഞ വർഷങ്ങളിൽ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഹമാസിനെ തുടച്ചുനീക്കാനുള്ള പോരാട്ടത്തിൽ എല്ലാവിധ സൈനിക സഹായവും നൽകും. പക്ഷേ, ഞങ്ങളും അവരും അതീവ ശ്രദ്ധയോടെ മുന്നോട്ടുപോകേണ്ടതുണ്ട്. ഒറ്റ രാത്രി കൊണ്ട് ലോകത്തിൻ്റെ പൊതു അഭിപ്രായം മാറിയേക്കാം. അങ്ങനെ സംഭവിക്കാൻ നമ്മൾ അനുവദിക്കരുത് -ബൈഡൻ പറഞ്ഞു. ഗസ്സയിൽ വെടിനിർത്തലിനുള്ള അന്താരാഷ്ട്ര സമ്മർദം ശക്തമായിട്ടും ഇടപെടാത്ത യു.എസിൻ്റെ നിലപാട് വ്യാപകമായി വിമർശിക്കപ്പെടവെയാണ് ഇസ്രായേലിനെ പിന്തുണച്ച് വീണ്ടും ബൈഡന്റെ പ്രസ്‌താവന. വെടിനിർത്തലിനായി ഐക്യരാഷ്ട്രസമിതിയിൽ കൊണ്ടുവരുന്ന പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്‌് റദ്ദാക്കുകയാണ്. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ യിൽ ചൊവ്വാഴ്‌ച വോട്ടിനിട്ടേക്കും. യു.എൻ ചാർട്ടറിലെ 99-ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ വിളിച്ചുചേ ർത്ത അടിയന്തര രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്‌ച അമേരിക്ക വീറ്റോ ചെയ്തിരുന്നു. 15 അംഗ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്യുകയും ബ്രിട്ടൻ വിട്ടുനിൽക്കുകയും ചെയ്‌തപ്പോൾ ബാക്കി 13 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്‌തത്. ഇതിനു പിന്നാലെയാണ് 193 രാജ്യങ്ങൾ ഉൾ പ്പെടുന്ന യു.എൻ പൊതുസഭയിൽ വോട്ടിനിടുന്നത്. വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും ആവശ്യപ്പെട്ട് ഒക്ടോബറിൽ അവതരിപ്പിച്ച പ്രമേയത്തെ 121 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. 44 രാജ്യങ്ങൾ വിട്ടുനിന്നു.
© Copyright 2023. All Rights Reserved