ഇസ്രായേലിലെ സുപ്രധാന ഊർജ പ്ലാൻറുകളിലൊന്ന് ആക്രമിച്ച് ഹൂത്തികൾ. രാജ്യത്തെ ഏറ്റവും വലിയ ഊർജ പ്ലാൻറായ ഒറോത്ത് റാബിനിലേക്കാണ് യമൻ സായുധസംഘം മിസൈലുകൾ അയച്ചതെന്ന് 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രായേലിലെ ഹൈഫ ജില്ലയിലുള്ള ഹദേറയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
-------------------aud--------------------------------
ഹൂത്തികൾ ഇസ്രായേലിൽ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രി നടന്നതെന്നാണ് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നത്. ഹൈപ്പർസോണിക്ക് മിസൈലുകളാണ് പ്ലാന്റ് ലക്ഷ്യമാക്കി അയച്ചതെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരീ അറിയിച്ചു. തങ്ങൾ ലക്ഷ്യമിട്ട താവളങ്ങളിൽ മിസൈൽ പതിച്ചെന്നും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ-2 എന്ന പേരുള്ള ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം മറികടന്ന് മിസൈലുകൾ ലക്ഷ്യസ്ഥാനം കൈവരിച്ചെന്ന് ഹൂത്തി മാധ്യമവിഭാഗം അറിയിച്ചു. തെൽഅവീവിനടുത്ത് യാഫയിലും ഹൂത്തികൾ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു.
അതേസമയം, ഊർജ കേന്ദ്രത്തിലെ നാശനഷ്ടങ്ങൾ ഉൾപ്പെടെ ആക്രമണത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഗസ്സയിലെ സൈനിക നടപടികൾ അവസാനിപ്പിക്കും വരെ ഇസ്രായേൽ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ തുടരുമെന്ന് യഹ്‌യ സാരീ വ്യക്തമാക്കിയിട്ടുണ്ട്. ഗസ്സയ്ക്കുനേരെയുള്ള ഉപരോധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
© Copyright 2024. All Rights Reserved