ഇസ്രായേലിന് 2000 പൗണ്ട് (900 കിലോ) ഭാരമുള്ള ബോംബുകൾ വിതരണം ചെയ്യുന്നതിനുള്ള താൽക്കാലിക വിലക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചിന് പിന്നാലെ ബോംബുകൾ എത്തിച്ച് അമേരിക്ക. ഇസ്രായേലിലെ അഷ്‌ഡോഡ് തുറമുഖത്താണ് കൂറ്റൻ MK-84 ബോംബുകൾ എത്തിയത്.
--------------------------------
കപ്പലുകളിൽ നിന്ന് വലിയ ട്രക്കുകളിൽ സൈനിക വ്യോമതാവളങ്ങളിലേക്ക് കൊണ്ടുപോയി. ഗാസയിലെ സാധാരണ ജനങ്ങളെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് ബൈഡൻ ഭരണകൂടമാണ് ഇസ്രായേലിന് 2,000 പൗണ്ട് ബോംബുകൾ വിതരണം ചെയ്യുന്നത് തടഞ്ഞത്. ബോംബുകൾ വ്യോമസേനയ്ക്കും ഇസ്രായേൽ പ്രതിരോധ സേനയ്ക്കും പ്രധാനമാണെന്നും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ശക്തമായ സഖ്യത്തിന്റെ തെളിവാണെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പറഞ്ഞു. യുഎസിൽ നിന്ന് ഇസ്രായേൽ വാങ്ങിയ 76,000 ടൺ സൈനിക ഉപകരണങ്ങളുടെ ഭാഗമാണ് എംകെ-84 ബോംബുകൾ. കെട്ടിടങ്ങൾ, റെയിൽ യാർഡുകൾ, ആശയവിനിമയ ലൈനുകൾ തുടങ്ങി എന്തിനെയും നശിപ്പിക്കാൻ ശേഷിയുള്ളതാണ് എംകെ-84 ബോംബുകൾ. വിയറ്റ്നാം യുദ്ധസമയത്താണ് അമേരിക്ക ഇത്തരം ബോംബുകൾ ഉൾപ്പെടുത്തിയത്. ബോംബിന്റെ ഭാരത്തിന്റെ 40 ശതമാനം ഉയർന്ന സ്ഫോടക വസ്തുക്കളുടെ മിശ്രിതമാണ്. ബാക്കി ഭാഗം സ്റ്റീൽ കേസും. പൊട്ടിത്തെറിക്കുമ്പോൾ, MK-84 ബോംബിന്റെ സ്റ്റീൽ കേസിംഗ് മൂർച്ചയുള്ള കഷണങ്ങളായി തകരുകയും കനത്ത നാശനഷ്ടമുണ്ടാക്കുകയും ചെയ്യും. ഇറാഖിൽ ഈ ബോംബുകൾ ഉപയോഗിച്ച സമയം "ഹാമർ" എന്നാണ് സൈനികർ വിശേഷിപ്പിച്ചത്. ഗാസയിലെ സിവിലിയന്മാർക്കെതിരായ ആക്രമണങ്ങളിൽ ഈ ബോംബുകൾ ഉപയോഗിച്ചിരുന്നു. തെക്കൻ ഗാസ നഗരമായ റാഫയിൽ ഇസ്രായേൽ അധിനിവേശം നടത്തിയാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഭയന്ന് മുൻ പ്രസിഡന്റ് ബൈഡൻ ഇസ്രായേലിലേക്കുള്ള എംകെ -84 ന്റെ കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരുന്നു.
© Copyright 2024. All Rights Reserved