ഇഎസ്എ അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങൾക്കുണ്ടായിട്ടുള്ള നിരവധി ആശങ്കകൾ പരിഹരിച്ച് സുതാര്യമായ നടപടി സ്വീകരിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. 2024 ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത്തെ കരട് വിജ്ഞാപനത്തിനെതിരെ ജനങ്ങൾക്ക് ആക്ഷേപങ്ങൾ സമർപ്പിക്കുവാനുള്ള കാലാവധിയായ 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇഎസ്എ മാപ്പുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. കോടതി ഉത്തരവായിട്ടും ഇതുവരെ കരട് വിജ്ഞാപനത്തിന്റെ മലയാള പരിഭാഷ സംസ്ഥാനസർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല.
------------------------------------
98 വില്ലേജുകളിലെ റിസർവ് ഫോറസ്റ്റ് വിസ്തൃതിയായി സർക്കാർ ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നു എന്നുപറയുന്ന 8590.69 ച. കി. മീ ഇഎസ്എ എന്നത് ഉമ്മൻ വി ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെയും 2018 ൽ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് അടക്കമുള്ള രേഖകളിലെയും തെറ്റുകളുടെ ആവർത്തനമാണ്. കരടു വിജ്ഞാപനങ്ങളിൽ നൽകിയിട്ടുള്ള 9107ച കി മീ ഫോറെസ്റ്റ് 123 വില്ലേജുകളിലെ ഫോറസ്റ്റ് ഏരിയ എന്ന തെറ്റായ വിസ്തൃതി തിരുത്തി നൽകുവാൻ സംസ്ഥാന സർക്കാരുകൾ കാണിച്ച അമാന്തത്തിന്റെ തുടർച്ചയാണിത്. എത്രയും പെട്ടെന്ന് ഇത് തിരുത്തി അഡൻണ്ടം നൽകുവാൻ സർക്കാർ തയ്യാറാവണം.
ഒരു മാസം മുൻപ് സർക്കാർ നൽകിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് ഗ്രാമസഭകളിൽ ചർച്ച ചെയ്യാതെയാണ് നൽകിയിരിക്കുന്നത്. ഇതും അടിയന്തരമായി ഗ്രാമസഭകളിൽ ചർച്ച ചെയ്തു തെറ്റ് തിരുത്തണം. ഇപ്പോഴത്തെ റിപ്പോട്ടിലും റവന്യൂ വില്ലേജുകളുടെ പേരിൽ ആണോ ഇഎസ്എ ഏരിയ അറിയപ്പെടുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം. ആണെങ്കിൽ അത് തിരുത്തിനല്കാൻ തയാറാവണം. സംസ്ഥാന സർക്കാർ സമർപ്പിച്ചു എന്ന് അവകാശപ്പെടുന്ന അവസാന റിപ്പോർട്ട് എന്തുകൊണ്ടാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തത് എന്നു വ്യക്തമാക്കണം.
2018 ൽ സംസ്ഥാന സർക്കാർ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാതെ നൽകിയ 92 വില്ലേജുകളുടെ ഇഎസ്എ റിപ്പോർട്ട് കേന്ദ്രം അംഗീകരിക്കാതെ വന്ന സാഹചര്യത്തിൽ പുതിയ റിപ്പോർട്ട് നൽകുന്നതിന് പകരം 123 വില്ലേജുകളെ 131 വില്ലേജുകളായി വിഭജിച്ചു വർദ്ധിപ്പിച്ച് കാണിച്ച് 2018 ലെ അതെ റിപ്പോർട്ടിൽ ആറു വില്ലേജുകൾ കൂടി ഉൾപ്പെടുത്തി 98 വില്ലേജുകളായി വീണ്ടും സമർപ്പിച്ച് റിപ്പോർട്ട് കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. മലബാർ മേഖലയിൽ അടക്കം 20 ശതമാനത്തിൽ താഴെ വനവും നൂറിലധികം ജനസാന്ദ്രതയും ഉള്ള നിരവധി വില്ലേജുകളെ, സമാന രീതിയിലുള്ള മറ്റു വില്ലേജുകളെ 2018 ലെ റിപ്പോർട്ടിൽ ഒഴിവാക്കിയത് പോലെ, ഒഴിവാക്കാതെ ഇഎസ്എ ആയി നിലനിർത്തുന്ന സംസ്ഥാന സർക്കാരിന്റെ നാടപടി അവസാനിപ്പിക്കണം.
മറ്റു സംസ്ഥാനങ്ങളൊന്നും അന്തിമ വിജ്ഞാപനം ആവശ്യപ്പെടാത്ത സാഹചര്യത്തിൽ കേരളം മാത്രം, സംഭവിച്ച തെറ്റുകൾ തിരുത്തി അന്തിമറിപ്പോർട്ട് നൽകാതെ, ധൃതിപിടിച്ച് പാർലമെന്റിൽ കേരളത്തിനായി പ്രത്യേക വിജ്ഞാപനം ആവശ്യപ്പെടുന്നത് നിരവധി സംശയങ്ങൾക്ക് ഇടവരുത്തുന്നു, മലയോര മേഖലയിലെ ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന ഇഎസ്എ വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നു നീതിപൂർണമായ സമീപനം പ്രതീക്ഷിക്കുന്നു.
© Copyright 2024. All Rights Reserved