യുകെയിൽ ഉള്ള അന്യരാജ്യക്കാരുടെ വിസ ഏതുതരമാണെങ്കിലും ഡിസംബർ 31 -ന് അകം അത് ഇ- വിസ ആക്കണമെന്ന വാർത്ത മലയാളം യുകെ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. യുകെ വിസ ആൻഡ് ഇമിഗ്രേഷൻ വിഭാഗം ഫിസിക്കൽ ഇമിഗ്രേഷൻ ഡോക്യുമെൻ്റുകൾക്ക് പകരം ഇ-വിസ എന്ന ഓൺലൈൻ റെക്കോർഡ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. നിങ്ങളുടെ വിസ പുതുക്കേണ്ട തീയതി ആയില്ലെങ്കിൽ പോലും, ഇ – വിസയിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഇതിനായി പ്രത്യേകം ഫീസോ മറ്റൊന്നും തന്നെയില്ല. നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ മൊബൈലിലോ ലാപ്ടോപ്പിലോ ഇതിനാവശ്യമായ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. നിങ്ങൾക്ക് പിആർ ഉണ്ടെങ്കിൽ പോലും ഇ – വിസയിലേക്ക് മാറേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നിയമങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
-------------------aud--------------------------------
ആയിരക്കണക്കിന് ആളുകൾക്ക് തങ്ങളുടെ ഇ -വിസ അക്സസ് ചെയ്യാൻ സാധിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പലർക്കും ഇ വിസ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായുള്ള വസ്തുത ഹോം ഓഫീസും സമ്മതിച്ചിട്ടുണ്ട്. ഇ വിസ അക്സസ് ചെയ്യുന്നതിലെ സാങ്കേതിക തകരാറുകൾ കടുത്ത പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നം ബാധിച്ചവർക്ക് യുകെയിൽ കഴിയാൻ അവകാശമുണ്ടെങ്കിലും ജോലി ചെയ്യാനോ വീട് വാടകയ്ക്ക് എടുക്കാനോ ഉള്ള അവകാശം ഉണ്ടായിരിക്കുകയില്ല. നല്ലൊരു ശതമാനം കുടിയേറ്റക്കാർക്ക് അർഹതയുണ്ടായിട്ടും സാങ്കേതികമായ തടസ്സങ്ങൾ മൂലം ഇ- വിസ ലഭിച്ചിട്ടില്ലെന്ന വാർത്ത പ്രമുഖ ദിനപത്രമായ ഗാർഡിയൻ ആണ് പുറത്തു വിട്ടത്. ഇത്തരക്കാരിൽ പലരും താഴ്ന്ന വരുമാനക്കാരാണ്. ഇ -വിസ ലഭിക്കാതിരുന്നത് കൊണ്ട് നിയമപരമായി ജോലി ചെയ്യാനുള്ള അവസരം നിഷേധിക്കുന്നത് മൂലം പലരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാകുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. പലർക്കും ഇ – വിസ ഉണ്ടെന്ന് സ്ക്രീൻ കാണിക്കുന്നുണ്ടെങ്കിലും അത് ഓപ്പൺ ചെയ്യാൻ ശ്രമിക്കുമ്പോൾ സാധിക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമായി ഉയർന്നു വന്നിരിക്കുന്നത്. എന്നാൽ ഇ വിസകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തവർക്ക് തെളിവായി മറ്റു ചില രേഖകൾ കാണിക്കാമെന്ന് ഹോം ഓഫീസ് അറിയിച്ചിട്ടുണ്ട്. പക്ഷേ പല തൊഴിലുടമകളും ഇത്തരം തെളിവുകൾ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നതായാണ് പലരും പരാതിപ്പെടുന്നത്.
© Copyright 2024. All Rights Reserved