ടോറികളെ അടിച്ചമർത്തി റിഫോം യുകെ മുന്നേറുന്നുവെന്ന വാർത്തയ്ക്ക് താൽക്കാലിക വിരാമം. റിഫോം പാർട്ടി നേടാവുന്ന പരമാവധി പിന്തുണയിൽ എത്തിക്കഴിഞ്ഞെന്നും, ഇനി മുന്നേറാൻ സാധ്യതയില്ലെന്നും വിവിധ അഭിപ്രായസർവ്വെകൾ വ്യക്തമാക്കിയതോടെയാണ് ടോറികൾക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് വ്യക്തമാകുന്നത്. ഉക്രെയിൻ അധിനിവേശത്തിലേക്ക് റഷ്യയെ പ്രകോപിപ്പിച്ചത് പാശ്ചാത്യ സഖ്യമാണെന്ന നിഗൽ ഫരാഗിന്റെ പ്രസ്താവനയാണ് തിരിച്ചടിയായി മാറുന്നത്. മൂന്ന് വ്യത്യസ്ത അഭിപ്രായസർവ്വെകൾ നിഗൽ ഫരാഗിന്റെ പാർട്ടിയുടെ പിന്തുണ കുറയുന്നതായി രേഖപ്പെടുത്തി.
-------------------aud--------------------------------
ജൂൺ 21 മുതൽ 24 വരെ ജെഎൽ പാർട്‌ണേഴ്‌സ് നടത്തിയ സർവ്വെയിൽ റിഫോം മൂന്ന് പോയിന്റ് താഴ്ന്ന് 15 ശതമാനത്തിലെത്തിയപ്പോൾ, ടോറികൾ രണ്ട് പോയിന്റ് ഉയർന്ന് 25 ശതമാനത്തിലെത്തി. ഇതേ തീയതിയിൽ സാവന്റ നടത്തിയ ഗവേഷണത്തിൽ കൺസർവേറ്റീവുകൾ 2 പോയിന്റ് ഉയർന്ന് 21 ശതമാനത്തിലും, റിഫോം ഇതേ പോയിന്റ് താഴ്ന്ന് 14 ശതമാനത്തിലേക്ക് കുറഞ്ഞെന്നും കണ്ടെത്തി.
എല്ലാ സർവ്വെകളും ഇപ്പോഴും ലേബർ പാർട്ടിയുടെ വൻ വിജയമാണ് ജൂലൈ 4ന് പ്രവചിക്കുന്നത്. ടോറികളെ മറികടന്ന് 'യഥാർത്ഥ പ്രതിപക്ഷം' തങ്ങളാകുമെന്ന് നേരത്തെ ഫരാഗ് അവകാശപ്പെട്ടിരുന്നു. എന്നാൽ വലത് പക്ഷ വോട്ട് വിഭജിച്ച് ലേബറിന് വമ്പൻ ഭൂരിപക്ഷം നൽകാനാണ് റിഫോം ഉപകരിക്കുകയെന്ന് സുനാക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
© Copyright 2024. All Rights Reserved