ഉത്തര കൊറിയയിൽ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചറിയാനും പുറത്താക്കാനും രാജ്യത്തിൻ്റെ വടക്കുകിഴക്കൻ അതിർത്തിയിലെ ബോർഡർ പൊലീസിന് അധികാരം നൽകി ചൈന. ഇതിനായി ക്വാട്ടകൾ നിശ്ചയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. ഇതോടെ വടക്കൻ കൊറിയൻ കുടിയേറ്റക്കാർക്ക് രക്ഷപ്പെടൽ ബുദ്ധിമുട്ടാവും. അതിർത്തി പൊലീസിൻ്റെ ഉത്തരവാദിത്തമുള്ള ചൈനയുടെ നാഷണൽ ഇമിഗ്രേഷൻ അഡ്‌മിനിസ്ട്രേഷനും മേൽനോട്ടം വഹിക്കുന്ന പൊതു സുരക്ഷാ മന്ത്രാലയവും ഉത്തര കൊറിയക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
-------------------aud--------------------------------
വടക്കൻ കൊറിയയുമായുള്ള 1,400 കിലോമീറ്റർ അതിർത്തിയിൽ പുതിയ നാടുകടത്തൽ കേന്ദ്രങ്ങൾ, നൂറുകണക്കിന് സ്‌മാർട്ട് ഫേഷ്യൽ-റെക്കഗ്നിഷൻ കാമറകൾ, അധിക ബോട്ട് പട്രോളിംഗ് എന്നിവ ചൈന നടപ്പാക്കിയിയതായാണ് റിപ്പോർട്ട്. കൂടാതെ, ചൈനയിലെ ഉത്തരകൊറിയക്കാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സൂക്ഷ്‌മമായി നിരീക്ഷിക്കാനും അവരുടെ വിരലടയാളം, ശബ്ദം, മുഖവിവരങ്ങൾ എന്നിവ ശേഖരിക്കാനും ചൈനീസ് പൊലീസ് തുടങ്ങിയതായും പറയുന്നു. നിലവിൽ ചൈനയിലുള്ള ഉത്തര കൊറിയക്കാരിൽ 90 ശതമാനത്തിലധികംപേരും വ്യക്തിഗത, ബയോമെട്രിക് ഡേറ്റ പൊലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരി മുതൽ ഈ നടപടികൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 2023 മുതൽ ഇത് ശക്തിപ്പെടുത്തുകയും ചെയ്തു. അനധികൃത കുടിയേറ്റം തടയുക വഴി ചൈനയുടെ ചുറ്റളവിൽ സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം ഉത്തരകൊറിയയുമായുള്ള ബന്ധത്തിൽ 'മുള്ളാ'യി നിൽക്കുന്ന പ്രശ്നം കൈകാര്യം ചെയ്യാൻ സഹായിക്കുമെന്നും സുരക്ഷാ വിശകലന വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. 'വളരെയധികം ഉത്തര കൊറിയക്കാർ ചൈനയിൽ അഭയം കണ്ടെത്തുകയാണെങ്കിൽ കൂടുതൽ ഉത്തര കൊറിയക്കാർ ഈ വഴി പിന്തുടരുമെന്ന് ചൈന ഭയക്കുന്നു. പൗരൻമാരുടെ പുറത്തേക്കുള്ള ഒഴുക്ക് ഉത്തര കൊറിയയെ അസ്ഥിരപ്പെടുത്തുകയും ദക്ഷിണ കൊറിയയുടെ കീഴിലുള്ള പുനഃരേകീകരണത്തിലേക്കും മേഖലയിൽ യു.എസ് രാഷ്ട്രീയത്തിൻ്റെ വികാസത്തിലേക്കും നയിക്കുമെന്നും' മനുഷ്യാവകാശ വിദഗ്ധനും മുൻ യു.എസ് ഡെപ്യൂട്ടി അസിസ്റ്റൻ്റ് സെക്രട്ടറിയുമായ റോബർട്ട് കോഹൻ പറഞ്ഞു.
© Copyright 2024. All Rights Reserved