ഉത്തരാഖണ്ഡ് നിയമസഭയില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കും. ബില്‍ നിയമസഭയില്‍ പാസായാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ ബിജെപി സർക്കാർ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം വിമർശനങ്ങള്‍ക്കിടയിലാണ്. വിദഗ്ധ സമിതി നല്‍കിയ റിപ്പോർട്ടിന് ഇന്നലെ ചേർന്ന മന്ത്രിസഭയോഗം അംഗീകാരം നല്‍കിയിരുന്നു.
പ്രത്യേക നിയമസഭ സമ്മേളനം സർക്കാർ വിളിച്ചിരിക്കുന്നത് രണ്ട് ദിവസത്തെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണ്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് നേരത്തെ അറിയിച്ചിരുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരട് ബില്ല് പ്രകാരം സ്വത്തില്‍ തുല്യ അവകാശമാണ്. ഒരു വ്യക്തി മരിച്ചാല്‍ അയാളുടെ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമായിരിക്കും.
വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ച കുട്ടികള്‍ക്കും ദത്തെടുത്ത കുട്ടികള്‍ക്കും തുല്യ പരിഗണന സ്വത്തവകാശത്തില്‍ ലഭിക്കും. ഏകീകൃത സിവില്‍ കോഡിലൂടെ ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കും. വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്തവകാശം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ മതനിയമങ്ങള്‍ മാറ്റി നിറുത്തി ഏക സിവില്‍ കോഡിലെ നിയമങ്ങള്‍ നിലവില്‍ വരും. ഉത്തരാഖണ്ഡിൽ പാസാക്കിയ ശേഷം ഏകീകൃത സിവില്‍ കോഡ് നിയമം ഈ മാതൃകയില്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാസാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ആലോചന.
© Copyright 2024. All Rights Reserved