പകരത്തിനു പകരം തീരുവ’ ഏർപ്പെടുത്താനുള്ള യുഎസ് നീക്കം ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയെ കാര്യമായി ബാധിക്കുമെന്നാണു വിലയിരുത്തൽ. എന്നാൽ എത്തരത്തിൽ ബാധിക്കുമെന്നത്, യുഎസ് ഇതെങ്ങനെ നടപ്പാക്കുമെന്നതിനെ ആശ്രയിച്ചിരിക്കും. ഓരോ മേഖലയിലും, ഇരുരാജ്യങ്ങളും പരസ്പരം ചുമത്തുന്ന തീരുവകൾ തമ്മിലുള്ള അന്തരത്തെ ആശ്രയിച്ചായിരിക്കും ആഘാതം. അന്തരം എത്രത്തോളം കൂടുന്നോ, ആഘാതവും അത്രത്തോളം കൂടുമെന്നു ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ചൂണ്ടിക്കാട്ടി.
-------------------aud--------------------------------
ഉദാഹരണത്തിന് ഇന്ത്യൻ കാർഷിക ഉൽപന്നങ്ങൾക്ക് യുഎസിൽ ചുമത്തുന്ന തീരുവ ശരാശരി 3.3 ശതമാനമാണെങ്കിൽ ഇന്ത്യയിലെത്തുന്ന യുഎസ് കാർഷിക ഉൽപന്നങ്ങൾക്ക് ഇത് 37.7 ശതമാനമാണ്. ‘പകരത്തിനു പകരം’എന്ന തത്വമനുസരിച്ചാണെങ്കിൽ ഇന്ത്യൻ കാർഷിക ഉൽപന്നങ്ങൾക്കു മേൽ 32.4% കൂടി അധികതീരുവ യുഎസ് ചുമത്താം. അധികതീരുവ ചുമത്തിയാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുറയും. ബദൽ വിപണിയും കണ്ടെത്തേണ്ടി വരാം. തീരുവകളിൽ ഏറ്റവും അന്തരം കാർഷികരംഗത്താണ്. അതുകൊണ്ടു തന്നെ ആഘാതവും കൂടുതൽ കാർഷികമേഖലയ്ക്കാവും. സമുദ്രവിഭവങ്ങളും മാംസ ഉൽപന്നങ്ങളും ഇന്ത്യയുടെ പ്രധാന കയറ്റുമതിയാണ്. 258 കോടി ഡോളറിന്റേതാണ് പ്രതിവർഷ കയറ്റുമതി. ഇവയ്ക്കു യുഎസിനെക്കാൾ 27.83% കൂടുതൽ തീരുവ നിലവിൽ ഇന്ത്യ ചുമത്തുന്നുണ്ട്. ഇതിൽ തുല്യത കൊണ്ടുവരാൻ യുഎസ് ശ്രമിക്കുന്നത് ചെമ്മീൻ കയറ്റുമതിയെ അടക്കം ബാധിക്കാം.
© Copyright 2024. All Rights Reserved