കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർ സ്‌ഥാനത്തേക്കുള്ള മൽസരത്തിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ. മുൻ ഹോം സെക്രട്ടറിയും പാർട്ടിയിലെ മുതിർന്ന ഏഷ്യൻ മുഖവുമായ പ്രീതി പട്ടേലിന് എംപിമാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൻ്റെ ആദ്യ റൗണ്ടിൽ കേവലം 14 വോട്ടുകൾ മാത്രമേ നേടാനായുള്ളു. ഏറ്റവും കുറഞ്ഞ വോട്ടു ലഭിച്ച പ്രീതി പട്ടേൽ ഇതോടെ മത്സരത്തിൽനിന്നും പുറത്തായി.
-------------------aud--------------------------------
മുൻ ഇമിഗ്രേഷൻ മിനിസ്‌റ്റർ റോബർട്ട് ജെനറിക്കിനാണ് എംപിമാർക്കിടയിൽ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ ഏറ്റവും അധികം പിന്തുണ ലഭിച്ചത്. 28 പേരാണ് റോബർട്ടിന് അനുകൂലമായി വോട്ടുചെയ്തത്. 22 വോട്ടു നേടിയ കെമി ബാഡ്‌നോച്ചാണ് രണ്ടാം സ്ഥാനത്ത്. ജെയിംസ് ക്ലവേർലി -21, ടോം ട്വിഗ്വിൻടാക്-17, മെൽ സ്ട്രെഡ്- 16 എന്നിങ്ങനെയാണ് മറ്റ് മത്സരാർഥികൾക്ക് ലഭിച്ച വോട്ടുകൾ. വരും ദിവസങ്ങളിൽ എംപിമാർക്കിടയിൽ വീണ്ടും വോട്ടെടുപ്പ് തുടരും. കുറഞ്ഞ വോട്ടു ലഭിക്കുന്നയാൾ ഓരോ റൗണ്ടിലും പുറത്തായി ഒടുവിൽ അവശേഷിക്കുന്ന രണ്ടുപേർ തമ്മിലാകും പാർട്ടി അംഗങ്ങൾക്കിടയിലെ മൽസരം. അടുത്ത ചൊവ്വാഴ്‌ചയാണ് എംപിമാർക്കിടയിലെ രണ്ടാം വോട്ടെടുപ്പ്. സെപ്റ്റംബർ അവസാനം പാർട്ടിയുടെ നാഷണൽ കോൺഫറൻസ് നടക്കുന്നതിനു മുമ്പ് ഈ വോട്ടെടുപ്പുകൾ പൂർത്തിയാകും. അവസാനം അവശേഷിക്കുന്ന രണ്ടു സ്ഥാനാർഥികൾക്കും പാർട്ടി കോൺഫറൻസിനെ അഭിസംബോധന ചെയ്ത് തങ്ങളുടെ നയപരിപാടികൾ വിശദീകരിക്കാൻ അവസരം ലഭിക്കും. ഒക്ടോബർ 31നാകും അവസാനറൗണ്ട് വോട്ടെടുപ്പ്.
© Copyright 2023. All Rights Reserved