ഋഷി സുനക് പ്രധാനമന്ത്രി പദത്തിൽ നിന്നും തെറിച്ചെങ്കിലും പകരം എത്തിയ തനി ബ്രിട്ടീഷുകാരനായ കീർ സ്റ്റർമാർക്കും ദീപാവലി ഒഴിച്ച് കൂടാനാകാത്ത ആഘോഷമായി മാറിയിരിക്കുന്നു. ഒരു പക്ഷെ ഇനിയുള്ള കാലം ആര് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയിൽ എത്തിയാലും ദീപാവലിയുടെ വരവറിയിക്കുന്ന ദിയ വിളക്കുകൾ നമ്പർ പത്തിന്റെ വാതിലിൽ നിറ ദീപമായി കത്തിജ്വലിക്കും. ഇന്ത്യയുടെ ആത്മാവായി ആഘോഷിക്കപ്പെടുന്ന ദീപങ്ങളുടെ ഉത്സവത്തെ അതേ ആദരവോടെയും ആവേശത്തോടെയുമാണ് ഇപ്പോൾ ബ്രിട്ടനിലും എതിരേൽക്കുന്നത്.
-------------------aud--------------------------------
പ്രധാനമന്ത്രിമാർ മാത്രമല്ല രാജ്യമെങ്ങും ദീപാവലിക്ക് വേദിയാകുന്നു എന്നതാണ് ഇപ്പോൾ പ്രത്യേകത. സ്‌കൂളുകൾ മുതൽ കൗൺസിൽ ഹാളുകൾ വരെ ദീപാവലി ആഘോഷത്തിന്റെ നിറപ്പകിട്ടിലാണ്. നിറഞ്ഞു കത്തുന്ന ചിരാതുകളും സ്‌നേഹം പങ്കിടാൻ കൈമാറുന്ന മധുരപലഹാരങ്ങളും ദീപക്കാഴ്ചകളും പടക്കവും കമ്പിത്തിരിയും ഒക്കെ ചേർന്ന ആഘോഷക്കാഴ്ചകളും ബ്രിട്ടനിലും ദീപാവലിക്ക് ഇന്ത്യക്ക് വെളിയിലെ ഏറ്റവും വലിയ ആഘോഷവേദിയാക്കി മാറ്റുകയാണ്. മുൻപ് ഇന്ത്യക്കാർ തിങ്ങി നിറഞ്ഞ ലിറ്റിൽ ഇന്ത്യ എന്നറിയപ്പെടുന്ന ലെസ്റ്ററിൽ മാത്രമാണ് പ്രധാനമായി ദീപാവലി ആഘോഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ നോർത്താംപ്ടനും നോട്ടിങ്ഹാമും പോലെയുള്ള ചെറു പട്ടണങ്ങളിൽ വരെ വലിയ ആഘോഷമാണ് ദീപാവലി. പ്രധാനമന്ത്രി ഇന്ത്യൻ വംശജർക്ക് ദീപാവലി ആശംസ നേർന്നതിനൊപ്പം യുകെയിലെ ദീപാവലി ആഘോഷക്കാഴ്ചകൾ സമൂഹ മാധ്യമം വഴി പങ്കുവച്ചു ഇന്ത്യയുടെ പ്രീതി പിടിച്ചു പറ്റാൻ നടത്തിയ ശ്രമങ്ങളും ശ്രദ്ധ നേടി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വീട്ടിലെ ദീപാവലി ആഘോഷ കാഴ്ചകൾ ഇന്ത്യയിൽ ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയിൽ അതിർത്തികൾ പോലും വേണ്ടെന്ന തരത്തിൽ ദീപാവലി ആഘോഷം മാറപ്പെടുമ്പോൾ കോളനിവാഴ്ചക്കാലത്തെ സകല വേദനകൾക്കും മേലെയുള്ള സാന്ത്വനമായി മാറ്റപ്പെടുകയാണ് ഈ ആഘോഷത്തിലെ സമന്വയം. കീർ സ്റ്റാർമറുടെ വസതിയിലെ ആഘോഷങ്ങൾക്കും ദീപക്കാഴ്ചകൾക്കും നേതൃത്വം നൽകാൻ പ്രശസ്ത ഇന്ത്യൻ നർത്തകിയും ലണ്ടനിലെ വേദികളിൽ ഇന്ത്യൻ നൃത്തത്തിന്റെ മറുവാക്കായി മാറുന്ന അരുണിമ കുമാറിന് ലഭിച്ച ക്ഷണം ഏറെ പ്രത്യേകതയായി. നർത്തകർ പ്രധാനമന്ത്രിക്ക് കുങ്കുമ തിലകം അണിയിച്ചാണ് ദീപാവലി ആശംസ കൈമാറിയത്. തുടർന്ന് നർത്തക വേഷത്തിൽ എത്തിയ പെൺകുട്ടികൾക്കൊപ്പം വീടിന്റെ മുറ്റത്തു പ്രധാന വാതിലിനോട് ചേർന്ന് കീർ സ്റ്റർമാർ ചിരാതുകളിൽ ദീപം തെളിയിച്ചു. അതോടെ ബ്രിട്ടനിലും ദീപാവലിക്ക് ആഘോഷമായ തുടക്കമായി. ഇന്നലെയും ഇന്നുമായി നൂറുകണക്കിന് ബ്രിട്ടീഷ് പട്ടണങ്ങളിലും ക്ഷേത്രങ്ങളിലും ദീപാവലി ചടങ്ങുകൾ അരങ്ങേറും.
© Copyright 2024. All Rights Reserved