എംപിമാർക്കും എംഎൽഎമാർക്കും എതിരേ കേസുകളുടെ വിചാരണ വേഗത്തിലാക്കമെന്ന് സുപ്രീംകോടതിയുടെ നിർദേശം. ഇത് സംബന്ധിച്ച നിരീക്ഷണ ചുമതല ഹൈക്കോടതിക്ക് കൈമാറി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാൻ വ്യത്യസ്ത കാരണങ്ങളായതിനാൽ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹൈക്കോടതികൾ ഈ കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ബഞ്ചുകൾക്ക് ചുമതല നൽകണം. അഡ്വക്കേറ്റ് ജനറലിന്‍റെ സഹായം ബഞ്ചിന് തേടാമെന്നും പറഞ്ഞ സുപ്രീംകോടതി കേസുകളിൽ വിചാരണയ്ക്ക് സ്റ്റേയുണ്ടെങ്കിൽ ഹൈക്കോടതി പരിശോധിക്കണമെന്നും വൈകുന്നതിൻറെ കാരണം സെഷൻസ് കോടതികളോട് തേടണമെന്നും നിർദേശിച്ചു.
കേസുകൾ വൈകുന്നത് ചൂണ്ടിക്കാട്ടി അശ്വിനി കുമാർ ഉപാദ്ധ്യായ നല്കിയ ഹർജിയിലാണ് ഉത്തരവ്. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം എന്ന ആവശ്യത്തിൽ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
© Copyright 2023. All Rights Reserved