ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമായ ഇറാനി സംസ്ഥാനത്തെ ആനന്ദ് ജില്ലയിലെ മഗ്രാൽ ഗ്രാമം വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തിരുന്നു. ഇവിടെ ടെൻഡറുകൾ ക്ഷണിക്കാതെ എംപി ഫണ്ട് വിനിയോഗിച്ചെന്നാണ് കോണ്ഗ്രസ് ആരോപിക്കുന്നത്.മാർഗനിർദേശങ്ങൾ മറികടന്നാണ് ഫണ്ട് ചെലവഴിച്ചത്. മന്ത്രിയുടെ സ്റ്റാഫും മറ്റ് ഉദ്യോഗസ്ഥരും ഇതിനു കൂട്ടു നിന്നെന്നാണ് സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദ ആരോപിക്കുന്നത്. വിഷയത്തിൽ കഴിഞ്ഞ വർഷം ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ ജില്ലാ ഭരണകൂടം ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. കരാറുകാരനോട് പണം തിരികെ നൽകണമെന്ന് ആനന്ദ് ജില്ലാ കളക്ടർ നിർദേശിച്ചിരുന്നു. 18 ശതമാനം പലിശയോടെ 2.95 കോടി രൂപ സംസ്ഥാന ട്രഷറിയിൽ തിരിച്ചടക്കയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.വികസന പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടം മേൽനോട്ടം വഹിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷൻ ജിത്തു വഘാനി പറയുന്നത്. മന്ത്രിക്കെതിരായ ആരോപണങ്ങളെല്ലാം കോണ്ഗ്രസ് ട്വിറ്ററിലൂടെ ഉന്നയിച്ചിട്ടും പ്രതികരിക്കാൻ സ്മൃതി ഇറാനി ഇതുവരെ തയാറായിട്ടില്ല. എംപിഎൽഎഡി പദ്ധതിക്ക് കീഴിൽ 50 ലക്ഷം രൂപയിൽ കൂടുതലുള്ള കരാറുകൾ ഒരു ഗ്രൂപ്പിന് മാത്രമായി നൽകാൻ നിയമമില്ലെന്നിരിക്കെയാണ് അടുപ്പക്കാരായ കോർപറേറ്റുകൾക്ക് കരാർ നൽകിയത്. പരിശോധനയിൽ ഇവർ ജോലികൾ സമയബന്ധിതമായി തീർത്തിട്ടുമില്ല. എസ്റ്റിമേറ്റും യഥാർഥ ചെലവും തമ്മിൽ വലിയ അന്തരം കാണുന്നുമുണ്ട്. പല പദ്ധതികളും ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും തുക പൂർണമായും കന്പനിക്ക് നൽകിയിട്ടുമുണ്ട്.ഇതുമായി ബന്ധപ്പെട്ട് 2017 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജി താൻ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 4.8 കോടി രൂപ സ്മൃതി ഇറാനിയുടെ പ്രതിനിധിയായ ശർദ മജൂറിനോട് റീഫണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടതെന്നും ചവ്ദ പറഞ്ഞു.
© Copyright 2024. All Rights Reserved