സിപിഎം സംസ്ഥാന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിനെതിരായ ആരോപണങ്ങളിൽ സ്വപ്ന സുരേഷിനെതിരെ എടുത്ത അപകീർത്തി കേസിൽ അന്വേഷണം വഴിമുട്ടി. പ്രത്യേക അന്വേഷണ സംഘത്തിലുളളവർ സ്ഥലം മാറിപ്പോയിട്ടും പുതിയ സംഘത്തെ കേസ് ഏൽപ്പിച്ചിട്ടില്ല. സ്വപ്നയെയും വിജേഷ് പിളളയെയും ഒരു തവണ ചോദ്യം ചെയ്തതല്ലാതെ അന്വേഷണം മുന്നോട്ട് നീങ്ങാത്തതിൽ പാർട്ടിയിലും അതൃപ്തിയുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ ആരോപണങ്ങളിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
-------------------aud----------------------------
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ നിന്ന് പിൻമാറണമെന്ന് വിജേഷ് പിളള വഴി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്ന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. എംവി ഗോവിന്ദനെതിരെ സ്വപ്ന നടത്തിയ ഈ ആരോപണത്തിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രത്യേക അന്വേഷണസംഘത്തെയും അന്വേഷണത്തിനായി നിയോഗിച്ചു.
റൂറൽ എസ് പിയായിരുന്ന ഹേമലത, എസിപി രത്നകുമാർ,ഡിവൈഎസ്പി എം.പി.വിനോദ് എന്നിവരുൾപ്പെടെയുളള സംഘമാണ് അന്വേഷിച്ചത്. വിജേഷ് പിളളയെ ഒരു തവണ ചോദ്യം ചെയ്തു. സ്വപ്ന സുരേഷിനെയും കഴിഞ്ഞ ഡിസംബറിൽ കണ്ണൂരിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതൊഴിച്ചാൽ അന്വേഷണം എവിടെയുമെത്തിയില്ല. തെളിവ് ശേഖരണം നടന്നട്ടില്ല. കേസിൽ ഇതുവരെ കുറ്റപത്രം നൽകാനായിട്ടില്ല. എസ്പിയും ഡിവൈഎസ്പിയും ഉൾപ്പെടെ അന്വേഷണസംഘത്തിലെ പ്രധാനികൾ സ്ഥലംമാറിപ്പോവുകയും ചെയ്തു.
പുതിയ ഉത്തരവിറങ്ങാതെ നിലവിലുളളവർക്ക് കേസ് അന്വേഷിക്കാനാകില്ല. പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യം ഡിജിപിയോട് രേഖാമൂലം എസ്പി മാസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടെന്നാണ് വിവരം. ഫയലിൽ തീരുമാനമായില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്.സമാനമായ പല കേസുകളിലും അറസ്റ്റുൾപ്പെടെ നടപടികൾ വേഗത്തിലാണ്. അപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ പൊലീസ് നീക്കം മന്ദഗതിയിലായത്.പൊലീസിൻറെ താത്പര്യക്കുറവിൽ പാർട്ടിക്കുള്ളിലും അതൃപ്തിയുണ്ട്.
© Copyright 2023. All Rights Reserved