ഉടുമ്പൻചോല എംൽഎ എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നാളെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. നെടുങ്കണ്ടത്ത് കേരളാ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടേഴ്‌സ അസോസിയേഷൻ ആഹ്വാനം ചെയ്ത സമരത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. എം എം മണി മാപ്പ് പറയണമെന്നും സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. അതേസമയം മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി സമരം നടത്തട്ടെ. നെടുങ്കണ്ടത്തെ ഉദ്യോഗസ്ഥൻ വാഹന ഉടമകളെ അന്യായമായി ദ്രോഹിച്ചതിനാലാണ് പ്രതികരിച്ചത്. ഇത് തുടർന്നാൽ ഇനിയും അധിക്ഷേപിക്കും. ഉദ്യോഗസ്ഥന്മാർ പണപ്പിരിവിന് തോന്ന്യാസം ചെയ്താൽ എതിർക്കാൻ തനിക്ക് ഒരു പേടിയുമില്ല. അവർ രാഷ്ട്രീയം ആണ് കളിക്കുന്നത്. അവർ ചെയ്യുന്ന തോന്നിയവാസത്തിന് പിണറായിയുടെ പേര് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും എംഎം മണി കൂട്ടിചേർത്തു. നെടുങ്കണ്ടത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഉടുമ്പൻചോല താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയിലാണ് മണിയുടെ പ്രകോപന പരാമർശം ഉണ്ടായത്. ഉദ്യോഗസ്ഥർ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കിൽ ഏത് ഏത് ഉദ്യോഗസ്ഥനായാലും കൈകാര്യം ചെയ്യുമെന്നും അത് പൊലീസായാലും ആർടിഒ ആയാലും കലക്ടറായാലും ശരിയെന്നും മണി പറഞ്ഞിരുന്നു. അതേസമയം എം.എം. മണിയുടെ ഭീഷണിക്കു പിന്നാലെ ഉടുമ്പൻചോല സബ് ആർ.ടി.ഒ ഓഫീസിലെ മൂന്ന് വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കെതിരെ നടപടി. ഇവർക്കെതിരെ സ്ഥലം മാറ്റിയാണ് നടപടി. ഹഫീസ് യൂസഫ്, എൽദോ വർഗീസ്, സൂരജ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. പിഴ നിശ്ചയിച്ചിരിക്കുന്ന പരമാവധി തുക ആളുകളിൽ നിന്ന് ഈടാക്കുന്നതായി കണ്ടെത്തിയതോടെയാണ് വകുപ്പ് ഇവർക്കെതിരെ നടപടി എടുത്തത്. രണ്ട് പേരെ ജില്ലയ്ക്ക് പുറത്തേക്കും ഒരാളെ മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്തേക്കുള്ള സ്ഥലം മാറ്റിയിരിക്കുന്നു.
© Copyright 2023. All Rights Reserved