അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐഎസ്ആർഒ. എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10 നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ആദ്യ എക‍്‍സ് റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്.
ചന്ദ്രയാൻ-3, ആദിത്യ എൽ1 ദൗത്യത്തിന് ശേഷം രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണത്തിലേക്കുള്ള അടുത്ത ചരിത്രപരമായ ചുവടുവയ്പ്പാണിത്. ഗാലക്‌സിയിലെ തമോദ്വാരങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാൻ അമേരിക്കയ്ക്ക് ശേഷം ഒരു പ്രത്യേക ഉപഗ്രഹം അയയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. പി എസ് എൽ വിയുടെ അറുപതാമത്തെ വിക്ഷേപണം എന്ന പ്രത്യേകതയും എക്‌സ്‌പോസാറ്റിനുണ്ട്.ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുക എന്നതാണ് ദൗത്യത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹമാണ് എക്സ്പോസാറ്റ്. ഭൂമിയിൽനിന്ന് 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്സ്പോസാറ്റിനെ എത്തിക്കുന്നത്.തിരുവനന്തപുരം പൂജപ്പുര എൽ ബി എസ് വനിതാ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനികൾ നിർമിച്ച 'വിസാറ്റ്' ഉൾപ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് പതിക്കുന്ന അൾട്രാ വയലറ്റ് രശ്മികൾ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചാണ് വിസാറ്റ് കണ്ടെത്താൻ ശ്രമിക്കുന്നത്. പി എസ് എൽവിയുടെ ആദ്യവിക്ഷേപണം 1993 സെപ്റ്റംബറിലായിരുന്നു. 59 വിക്ഷേപണങ്ങളിലായി രാജ്യത്തിന്റെ 345 ഉപഗ്രഹങ്ങളാണ് പി എസ് എൽ വി ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved