രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. അതിൽ അഞ്ചുപേർ കുട്ടികൾ ആണ് . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
-------------------aud--------------------------------
മഹാരാഷ്ട്രയിൽ 7, 13 വയസ് പ്രായമുളള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികൾ നിലവിൽ രോഗമുക്തരായി ആശുപത്രി വിട്ടു. ഇത് കൂടാതെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 2 വീതം കേസുകളും, ഗുജറാത്തിലും കൊൽക്കത്തയിലും ഒരോ കേസുകൾ വീതവുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. പലരും രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീ പരിശോധനയ്ക്കയച്ചു.
ദില്ലിയിലടക്കം രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്ചത്. കേന്ദ്രസർക്കാർ സ്ഥാപന മേധാവികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങളും, ഐസിഎംആറിന്റെ വിവരങ്ങളും പരിശോധിച്ചതിൽ രാജ്യത്ത് അസ്വാഭാവിക രോഗ വ്യാപനം ഇല്ലെന്നാണ് വിലയിരുത്തൽ. എച്ച്എംപിവി കേസുകൾ വർദ്ധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇൻഫ്‌ലുവൻസ പോലുള്ള അസുഖങ്ങൾ അല്ലെങ്കിൽ കടുത്ത ശ്വാസകോശ അണുബാധകൾ എന്നിവയ്‌ക്കെതിരെയുള്ള നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം ഉണ്ട് . ഇന്ത്യയിലെ ശ്വാസകോശ രോഗങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കുന്നതിനായി, പ്രത്യേകിച്ച് എച്ച്എംപിവി കേസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തെ തുടർന്നാണ് നിർദേശം.
© Copyright 2024. All Rights Reserved