സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ഏറ്റവും പുതിയ വരുമാനക്കണക്കിൽ ഇടിവ്. ആഗോള വിപണിയിൽ എണ്ണവില വർധിക്കാൻ എല്ലാ സാഹചര്യവുമുണ്ടായിട്ടും കമ്പനിക്ക് പ്രതീക്ഷിത വരുമാനം ലഭിച്ചില്ല. ഈ സാഹചര്യത്തിൽ സൗദി അറേബ്യ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ച നടപടി സൗദി അറേബ്യ തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ. പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ച നടപടി അടുത്ത മാർച്ച് വരെയോ അല്ലെങ്കിൽ ജൂൺ വരെയോ തുടർന്നേക്കുമെന്ന് എനർജി ആസ്‌പെക്ട്‌സ് സഹസ്ഥാപകൻ അമൃത സെൻ അഭിപ്രായപ്പെടുന്നു. ഇതിലേക്ക് സൗദി കടന്നാൽ ലോക വിപണിയുടെ ക്രമം താളം തെറ്റാനുള്ള സാധ്യതയുമുണ്ട്. യുക്രൈൻ റഷ്യ യുദ്ധം, ഇസ്രായേൽ പലസ്തീൻ യുദ്ധം എന്നിവ വിപണിക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടെയാണ് സൗദി അറേബ്യ കഴിഞ്ഞ ജൂൺ മുതൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചത്. അടുത്ത മാസംവരെ കുറവ് തുടരുമെന്നാണ് സൗദിയുടെ പ്രഖ്യാപനം. എണ്ണ ഖനന മേഖലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് പുറമെ ഈ തീരുമാനം കൂടി വരുമ്പോൾ വില ഉയരേണ്ടതാണ്. എന്നാൽ അതുണ്ടായില്ല. ഇസ്രായേൽ പലസ്തീൻ യുദ്ധം പശ്ചിമേഷ്യയെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നായിരുന്നു വിലയിരുത്തൽ. എണ്ണ വ്യാപാരത്തെ ഇത് സാരമായി ബാധിക്കുമെന്നും അഭിപ്രായം ഉയർന്നിരുന്നു. യുദ്ധം തുടങ്ങിയ വേളയിൽ എണ്ണവില കുതിച്ചുയരുകയും ചെയ്തു. എന്നാൽ പിന്നീട് കുറഞ്ഞ് ബ്രെൻഡ് ക്രൂഡ് ബാരലിന് 92ൽ നിന്ന് 79 ഡോളർ വരെ എത്തുന്നതാണ് കണ്ടത്.എണ്ണവില ബാരലിന് 100 ഡോളർ എത്തണമെന്നാണ് സൗദിയുടെ ആഗ്രഹം. റഷ്യയും ഇതിനോട് യോജിക്കുന്നു. പ്രധാന രണ്ട് എണ്ണ രാജ്യങ്ങളുടെ ഈ താൽപ്പര്യമാണ് ഉൽപ്പാദനം കുറച്ചതിന് പിന്നിൽ. പക്ഷേ, വില ഉയരാത്തതിനാൽ ഉൽപ്പാദനം പഴയപടി എത്തിക്കാൻ സാധ്യത കുറവാണ്. അതിനിടെ കഴിഞ്ഞ ദിവസം എണ്ണവിലയിൽ പെട്ടെന്നുള്ള വർധന പ്രകടമായി.അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും ആവശ്യം വർധിച്ചതാണ് എണ്ണവിലയിൽ പൊടുന്നനെയുള്ള വർധനവിന് ഇടയാക്കിയത്. ഈ മാസം 26ന് ഒപെക് കൂട്ടായ്മയിലെ മന്ത്രിതല യോഗം ചേരുന്നുണ്ട്. ഉൽപ്പാദനത്തിന്റെ കാര്യത്തിൽ സുപ്രധാന തീരുമാനം അന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപ്പാദനം കൂട്ടിയില്ലെങ്കിൽ വെട്ടിലാകുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. ആവശ്യമുള്ള എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യ, ഇറാഖ്, സൗദി എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുന്നത്. ഇവർ ഉൽപ്പാദനം കുറച്ച് വില കൂട്ടാൻ ശ്രമിച്ചാൽ ഇന്ത്യയുടെ വ്യാപാര കമ്മി ഇരട്ടിയാക്കും. ഇതാകട്ടെ രാജ്യത്ത് എണ്ണവില ഉയരാനും അതുവഴി അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ഇടയാക്കിയേക്കും.
© Copyright 2024. All Rights Reserved