നെതർലൻഡ്സിനെതിരെ അതിവേഗ സെഞ്ചറി നേടിയ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‍വെല്ലിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഒരു റൺ എടുക്കണമെങ്കിൽ തനിക്ക് 40 റൺസ് വേണ്ടിവരുമെന്നും അപ്പോഴാണ് മാക്സ്‌വെൽ 40 പന്തിൽനിന്ന് സെഞ്ചറി തികച്ചതെന്നും ഗാവസ്കർ പറഞ്ഞു. ‘‘മാക്സ്‍വെല്ലിന്റെ റിവേഴ്സ് ഹിറ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്നാണ്. അതിന് ആറു റൺസാണ് കിട്ടിയത്. 12 റൺസ് നൽകണമായിരുന്നു. ആ ഷോട്ടിനു ശേഷം ബോളിങ് ആകെ താളംതെറ്റി. കാരണം എവിടെ പന്തെറിയണമെന്ന് ബോളർമാർക്ക് ആശയക്കുഴപ്പമായി.’’എന്ന് ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഒരു റണ്‍സെടുക്കാൻ എനിക്കു 40 പന്തുകൾ ഒക്കെ വേണ്ടിവരും. അദ്ദേഹം 100 പൂർത്തിയാക്കിയത് 40 പന്തുകളിൽനിന്നാണ്.’’– ഗാവസ്കർ വ്യക്തമാക്കി. ലോകകപ്പിലെ ആദ്യ നാലു കളികളിൽനിന്ന് 49 റൺസ് നേടാൻ മാത്രമാണു മാക്സ്‍വെല്ലിനു സാധിച്ചത്. എന്നാൽ നെതര്‍ലൻഡ്സ് ബോളർമാർക്കെതിരെ സമ്പൂർണ ആധിപത്യമായിരുന്നു മാക്സ്‍വെല്ലിനുണ്ടായിരുന്നത്. ആദ്യ പന്തു മുതൽ ഗാലറിയെ ലക്ഷ്യമിട്ടാണ് മാക്സ്‍വെൽ ബാറ്റു ചെയ്തതെന്ന് ഓസ്ട്രേലിയയുടെ മുൻ താരം ഷെയ്ൻ വാട്സൻ പറഞ്ഞു.
‘‘മാക്‌സ്‍വെല്ലിന് അദ്ദേഹത്തിന് ഇഷ്ടമുള്ള ഇടത്തേക്കു പന്തെത്തിക്കാനാകുന്നുണ്ട്. ഒരു ബോളർക്കും അദ്ദേഹത്തിനെതിരെ നിയന്ത്രണം ലഭിക്കുന്നില്ല. സെഞ്ചറിയിലെ അവസാന 50 റൺസ് നേടിയത് 13 പന്തുകളിൽനിന്നാണ്.’’എന്ന് വാട്സൻ പറഞ്ഞു. ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 40–ാം ഓവറിലാണ് മാക്സ്‍വെൽ ബാറ്റു ചെയ്യുന്നതിനായി ഗ്രൗണ്ടിലെത്തിയത്. 44 പന്തുകളിൽനിന്നു താരം നേടിയത് 106 റൺസ്.
© Copyright 2025. All Rights Reserved