രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ 2023 ൽ ഇന്ത്യൻ സിനിമയിലെ വൻ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രം ആഗോളതലത്തിൽ 800 കോടിയിലധികം ബോക്സോഫീസ് കളക്ഷൻ നേടി. രൺബീർ കപൂറിൻറെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാണ് അനിമൽ.
സിനിമാ നിരൂപകരിൽ നിന്നും സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും. പ്രേക്ഷകരിൽ നിന്നും ഈ ചിത്രം കൂടുതലും പോസിറ്റീവ് പ്രതികരണങ്ങളാണ് നേടിയത്. അതിനാൽ തന്നെ എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും ചിത്രം വൻ ബോക്സോഫീസ് വിജയമായി.
തിയറ്ററുകളിൽ അനിമൽ കാണാൻ കഴിയാത്തവർ ഇപ്പോൾ ചിത്രത്തിൻറെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. 2024 ജനുവരി അവസാന വാരത്തിൽ ചിത്രം ഒടിടി റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകള് സൂചിപ്പിക്കുന്നത്.
ഒടിടിഗുരു റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അനിമലിൻറെ ഒടിടി റിലീസ് ജനുവരി 26ന് ഉണ്ടായേക്കും. നെറ്റ്ഫ്ലിക്സിലാണ് അനിമൽ വരാൻ സാധ്യത. വലിയ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് വിവരം.
രൺബീർ രശ്മിക എന്നിവരെ കൂടാതെ അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി, സുരേഷ് ഒബ്‌റോയ്, ശക്തി കപൂർ, പ്രേം ചോപ്ര എന്നിവരും അനിമലിൽ അഭിനയിക്കുന്നു. ഡൽഹിയിലെ ബിസിനസ് മാഗ്‌നറ്റായ ബൽബീറിന്റെ മകൻ രൺവിജയ് അമേരിക്കയിലേക്ക് ചേക്കേറിയതും പിതാവിന് നേരെ നടന്ന വധശ്രമത്തിന് ശേഷം തിരിച്ചെത്തുന്നതും അതിന് ശേഷം നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ.
ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് അനിമൽ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ അടക്കം ഇതിനകം വലിയ ഹിറ്റാണ്.
© Copyright 2024. All Rights Reserved