ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ വിശ്വാസം പ്രകടിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങി കിടക്കുന്ന നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ തന്നെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്താൻ കഴിയുമെന്ന് ഇരുവരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബുധനാഴ്ച നടത്തിയ തത്സമയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
-------------------aud--------------------------------
ജൂൺ അഞ്ചിനാണ് ഇരുവരും പുതിയ ബഹിരാകാശ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. ഏകദേശം ഒരാഴ്ച തങ്ങി തിരിച്ചുവരാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ സ്റ്റാർലൈനറിലെ ത്രസ്റ്റർ തകരാറുകളും ഹീലിയം ചോർച്ചയും കാരണം മടക്കയാത്ര മാറ്റിവെയ്ക്കുകയായിരുന്നു. എന്ന് തിരിച്ചുവരും എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് സ്റ്റാൽലൈനർ പേടകത്തിൽ വിശ്വാസം പ്രകടിപ്പിച്ച് ഇരുവരും രംഗത്തുവന്നത്.സ്റ്റാർലൈനർ ടീമിലും ബഹിരാകാശ പേടകത്തിലും ഇപ്പോഴും വിശ്വാസമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്, തങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ഇരുവരും മറുപടി നൽകിയത്. 'ബഹിരാകാശ പേടകം ഞങ്ങളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എന്റെ ഹൃദയം മന്ത്രിക്കുന്നു'- സുനിത വില്യംസ് പറഞ്ഞു. തിരിച്ചുവരവിന് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാൽ ജൂലൈ അവസാനം ഭൂമിയിലേക്ക് മടങ്ങിയെത്താൻ അവർ നോക്കുകയാണെന്ന് നാസ അധികൃതർ ബുധനാഴ്ച പറഞ്ഞു. മൂത്രം വീണ്ടും കുടിവെള്ളമാക്കി മാറ്റുന്ന മെഷീനിലെ പമ്പ് മാറ്റുക, മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ ജീൻ സീക്വൻസിങ് പോലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക തുടങ്ങിയ ജോലികൾ ചെയ്തുകൊണ്ട് ഐഎസ്എസിൽ സമയം ആസ്വദിക്കുന്നത് തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഐഎസ്എസിൽ പ്രശ്നങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് വേണ്ടി അവർ സ്റ്റാർലൈനറിനെ 'സുരക്ഷിത സങ്കേതം' എന്ന നിലയിൽ പരീക്ഷിക്കുകയും നാല് ആളുകൾ ഉള്ളിലായിരിക്കുമ്പോൾ അതിന്റെ ലൈഫ് സപ്പോർട്ട് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved