ഇതിന് പിന്നാലെ, ബാഴ്‌സയിൽ പരിശീലകൻ എന്ന നിലയിൽ തനിക്ക് അർഹിച്ച അംഗീകാരം കിട്ടിയില്ലെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് സാവി തന്റെ പിൻഗാമിക്ക് മുന്നറിയിപ്പ് നൽകിയത്. പുതിയ കോച്ചിനോട് പറയാനുള്ളത് ഒറ്റക്കാര്യം മാത്രം. ''താങ്കൾക്ക് ഇവിടെ കാര്യങ്ങൾ ഒട്ടും എളുപ്പമായിരിക്കില്ല. പിടിച്ചുനിൽക്കാൻ ഏറെ പ്രയാസമുള്ള ക്ലബാണിത്. ഇതിനെക്കാൾ ദുഷ്‌കരമായൊരു ജോലിയുണ്ടാവില്ല.'' സാവി മുന്നറിയിപ്പ് നൽകി. ബയേൺ മ്യൂണിക്കിന്റെയും ജർമ്മൻ ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു ബാഴ്‌സയുടെ പുതിയ കോച്ച് ഹാൻസി ഫ്‌ലിക്ക്.
2021ൽ പുറത്താക്കപ്പെട്ട റൊണാൾഡ് കൂമാന് പകരമായിരുന്നു സാവിയുടെ നിയമനം. കഴിഞ്ഞ സീസണിൽ ലാ ലീഗയിലും സൂപ്പർ കപ്പിലും ബാഴ്‌സ ചാംപ്യൻമാരായി. ഈ സീസണിൽസ്പാനിഷ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം ബാഴ്‌സയെ ചാന്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തിക്കാൻ സാവിക്ക് കഴിഞ്ഞു. എങ്കിലും നിരായശയോടെയാണ് ക്ലബ് വിടുന്നതെന്ന് സാവി പറയുന്നു. രണ്ടര വർഷം തനിക്കാവുന്നതെല്ലാം ബാഴ്‌സയ്ക്കായി ചെയ്തു. തന്റെയും ടീമിന്റെ നേട്ടങ്ങൾ അംഗീകരിക്കപ്പെട്ടില്ല. ബാഴ്‌സ പരിശീലകനായുള്ള അവസാന ദിവസങ്ങൾ ഏറെ ദുഷ്‌കരമായിരുന്നുവെന്നും സാവി വ്യക്തമാക്കി. ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ സാവി ഹെർണാണ്ടസ് കാറ്റലൻ ക്ലബിന്റെ മുഖ്യ പരിശീലകനായി ചുമതല ഏറ്റത് 2021ലാണ്. കഴിഞ്ഞ സീസണിൽ ലാലീഗ കിരീടം തിരിച്ചു പിടിച്ചതിന് പിന്നാലെ സാവി സ്പാനിഷ് സൂപ്പർ കപ്പും ബാഴ്സയുടെ ഷെൽഫിലെത്തിച്ചു. ലിയോണൽ മെസിയുടെ പടിയിറക്കമുണ്ടാക്കിയ ശൂന്യതയും സാമ്പത്തിക പ്രതിസന്ധിയും മറികടന്നായിരുന്നു സാവിയുടെ നേട്ടങ്ങൾ.
© Copyright 2024. All Rights Reserved