സാമൂഹികമാധ്യമങ്ങളിൽ വൈറലായി എയർ ഇന്ത്യ വിമാനത്തിൻ്റെ ഓവർഹെഡ് ബിന്നിൽനിന്ന് വെള്ളം ചോർന്നൊലിക്കുന്ന വീഡിയോ. @baldwhiner എന്നയാളാണ് നവംബർ 29-ന് എക്സിൽ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
ഓവർഹെഡ് ബിന്നിൽനിന്ന് വെള്ളം താഴേക്കുവീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വെള്ളം വീഴുന്ന ഭാഗത്തെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും യാത്രക്കാർ മറുഭാഗത്ത് ഇരിക്കുന്നതും വീഡിയോയിൽ കാണാം. എക്സിൽ പങ്കുവെച്ചശേഷം ആറ് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 5000-ത്തോളം ലൈക്കും കമന്റും വീഡിയോക്ക് ലഭിച്ചു.രസകരമായ കമൻ്റുകളോടൊപ്പം രൂക്ഷമായ വിമർശനങ്ങളും വീഡിയോയ്ക്ക് താഴെ ഉയരുന്നുണ്ട്. സംഭവം ദയനീയമാണെന്നും യാത്രക്കാർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് ചിലരുടെ വാദം. അതേസമയം ആരെങ്കിലും വെള്ളം നിറച്ച കുപ്പി കാബിൻ ലഗേജിൽവെച്ചതാകാം ഇതിന് കാരണമെന്നും വിമാനക്കമ്പനിയെ കുറ്റം പറയേണ്ടതില്ലെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
2018-ൽ ഫ്രാങ്ക്ഫർട്ട്- ഡൽഹി യാത്രയിൽ സമാന അനുഭവം നേരിട്ടിരുന്നതായി ഒരുവ്യക്തി പറഞ്ഞു. എയർകണ്ടീഷനിലെ തകരാറായിരുന്നു കാരണമെന്നും 10 മിനിറ്റിനകം പ്രശ്‌നം പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
© Copyright 2024. All Rights Reserved