രാജ്യത്തെ എയർപ്പോർട്ടുകളിൽ നിന്ന് ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോകുന്നവർക്ക് മുന്നറിയിപ്പുമായി പൊതുഗതാഗത അതോറിറ്റി.ഉത്തരവ് ലംഗിക്കുന്നവർക്ക് 5000 റിയാൽ പിഴ ചുമത്തുമെന്നാണ് അതോറിറ്റി പറയുന്നത് .അനധികൃത ടാക്സികൾക്കെതിരെ പിഴ ചുമത്തൽ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു. ഇത്തരം സർവിസ് നടത്തുന്നവർ അവരുടെ വാഹനങ്ങൾ ടാക്സി ലൈസൻസുള്ള ഏതെങ്കിലും കമ്പനികൾക്ക് കീഴിൽ ചേർക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
വ്യാജ ടാക്സി സർവിസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം, ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് ഹോൾഡിങ് കമ്പനി എന്നിവയുമായി സഹകരിച്ച് സംയുക്ത ബോധവൽക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ടാക്സി പെർമിറ്റുള്ള വാഹനങ്ങളിലുള്ള യാത്ര സുരക്ഷിതത്വം ഉറപ്പുനൽകുമെന്ന് അതോറിറ്റി പറഞ്ഞു.
സുരക്ഷയുടെയും ഗുണനിലവാരത്തിൻ്റെയും മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സുഗമമായ ഗതാഗത അനുഭവം ഉറപ്പാക്കുന്നു. ഏകദേശം 2000 ടാക്സികൾ, 55ലധികം കാർ റെൻറൽ ഓഫീസുകൾ, പൊതുഗതാഗത ബസുകൾ, ലൈസൻസ്ഡ് ടാക്സി ആപ്പുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് ആവശ്യമായ ഗതാഗത സൗകര്യം സൗദിയിലെ വിമാനത്താവളങ്ങളിൽനിന്ന് ലഭ്യമാണ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹറമൈൻ എക്സ്പ്രസ് ട്രയിനുമുണ്ട്.വിമാനത്താവളങ്ങളിൽ ഉയർന്ന നിലവാരമുള്ള ഗതാഗത സേവനങ്ങൾ നൽകുന്നത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണെന്നും അതോറിറ്റി പറഞ്ഞു.
© Copyright 2023. All Rights Reserved